യുഎഇ-ഇന്ത്യ അണ്ടർവാട്ടർ ട്രെയിൻ എന്ന സ്വപ്‌ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി : സാധ്യതാ പഠനം ഉടൻ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

13/10/23

 യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടർവാട്ടർ ട്രെയിൻ സർവീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റർ നീളത്തിൽ ടണൽ നിർമിച്ച് ഹൈസ്പീഡ് ട്രെയിൻ ഉപയോഗിച്ച് രണ്ട് മണിക്കൂർ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും സഞ്ചാരം സാധ്യമാക്കാൻ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ സാധ്യതാ പഠനത്തിന് യുഎഇ ഒരുങ്ങുന്നു. സ്വപ്‌ന പദ്ധതി യുഎഇയുടെ നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡിന്റെ പരിഗണനയിലാണെന്നും ഉടൻ തന്നെ സാധ്യതാ റിപ്പോർട്ട് തേടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറബിക്കടലിനടിയിലൂടെയുള്ള തീവണ്ടി പാത വഴി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, യുഎഇയിലെ ഫുജൈറ എന്നീ തുറമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം, യാത്ര എന്നിവയ്‌ക്കൊപ്പം എണ്ണ പൈപ്പ് ലൈൻ, കുടിവെള്ള പൈപ് ലൈൻ എന്നിവ സ്ഥാപിക്കാൻ കഴിയുമെന്നതാണ് യുഎഇയെ ഈ പദ്ധതിയോട് ആകർഷിക്കുന്ന പ്രധാന ഘടകം.
പ്രവാസി ഇന്ത്യക്കാർ ഏറ്റവുമധികം തൊഴിൽ ചെയ്യുന്ന ഗൾഫ് മേഖലയിലേക്ക് വിമാന സർവീസിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനായാൽ വികസനപാതയിലെ നാഴികക്കല്ലായി അത് മാറും. കുറഞ്ഞ ചെലവിൽ ഏത് സമയത്തും രണ്ട് മണിക്കൂർ കൊണ്ട് ഗൾഫിലെത്താൻ കഴിയും. കൂടുതൽ ലഗേജും കുറഞ്ഞ യാത്രാക്കൂലിയും യാത്രക്കാരെ ആകർഷിക്കുകയും ചെയ്യും. വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട പാതയായി ഇത് മാറും. കടലിനടിയിലെ മനോഹരമായ കാഴ്ചകൾ നൽകാൻ സുതാര്യമായ ജനാലകൾ ഉപയോഗിക്കാമെന്നും പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായിലെത്തുന്ന ആളുകളെ ഇന്ത്യയിലേക്ക് കൂടി ആകർഷിക്കാൻ തുരങ്കപാതയ്ക്ക് കഴിയും. യുഎഇ-ഇന്ത്യ വിമാന യാത്രാസമയത്തേക്കാൾ ഒരു മണിക്കൂർ കുറവ് മതിയാവും അതിവേഗ തീവണ്ടി പാതയിൽ. യാത്രാ മാർഗത്തേക്കാൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള മാർഗമായാണ് യുഎഇ ഇതിനെ കാണുന്നത്. നർമ്മദ നദിയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കൊണ്ടുവരുമ്പോൾ ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയും ചെയ്യാം. ഈ പാത ഭാവിയിൽ സൗദി ഉൾപ്പെടെയുള്ള ഇതര ഗൾഫ് രാജ്യങ്ങളുമായി വേഗത്തിൽ ബന്ധിപ്പിക്കാനും കഴിയും. അൾട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകളായിരിക്കും ഉപയോഗിക്കുക. യുഎഇ തന്നെയാണ് ഇന്ത്യയിലേക്ക് അണ്ടർവാട്ടർ റെയിൽ നിർമിക്കാനുള്ള പദ്ധതിയുമായി ആദ്യം രംഗത്തെത്തിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ധനവും ചരക്കുകളും എത്തിക്കുന്നതിനും ഇന്ത്യയിൽ നിന്ന് ചരക്കുകളും കുടിവെള്ളവും ഗൾഫിലെത്തിക്കുന്നതിനും പാത സഹായിക്കുമെന്നതിനാൽ ഗൾഫുമായുള്ള ഉഭയകക്ഷി ബന്ധത്തിലും വ്യാപാര രംഗത്തും വലിയ വിപ്ലവമായിരിക്കും ഇത്.

Latest Articles

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയാലും പകുതിയോളം ജീവനക്കാർക്ക് 5മുതൽ  10 വർഷത്തേക്ക് ഫെയ്സ്ബുക്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. ഇതുവഴി ജീവനക്കാരെ ഓഫീസുകളിൽ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവൽക്കരണം കൊണ്ടുവരാനാണ് സക്കർബർഗിന്റെ ശ്രമം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu