രാജ്യത്തിന് മുൻകാലത്തെ മോശം അനുഭവങ്ങൾ മറന്ന് മുന്നോട്ടുനീങ്ങാനുള്ള അസുലഭ അവസരമാണ് വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. 21-ാം നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ ചൈനയല്ല, അമേരിക്ക വിജയിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അവർ അവകാശപ്പെട്ടു. ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദേശം സ്വീകരിച്ച് ഷിക്കാഗോയിൽ നടന്ന ഡമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.
-------------------aud-------------------------------
വർഗ- ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാർക്കുംവേണ്ടി അമേരിക്കൻ പ്രസിഡന്റ് ആവാനുള്ള നാമനിർദേശം സ്വീകരിക്കുകയാണെന്ന് കമല ഹാരിസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. തന്റെ മാതാവ് ശ്യാമള ഗോപാലനെ കമല പ്രസംഗത്തിൽ അനുസ്മരിച്ചു. ഒരു പാർട്ടിയുടേയോ വിഭാഗത്തിന്റേയോ അംഗങ്ങളെന്ന നിലയിലല്ലാതെ പുതിയ വഴികൾ തുറക്കാനുള്ള അവസരമാണെന്നും അവർ കൂട്ടിച്ചേർത്തു.
യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗാസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചും ട്രംപിനെ കടന്നാക്രമിച്ചുമാണ് ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷനിൽ കമല ഹാരിസ് സംസാരിച്ചത്. പലതരത്തിൽ ഒട്ടും ഗൗരവമില്ലാത്ത മനുഷ്യനാണ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ട്രംപിനെ വൈറ്റ് ഹൗസിൽ തിരിച്ചെത്തിക്കുന്നത് വളരെ ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കുമെന്ന് കമല പറഞ്ഞു.
ട്രംപ് ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ കാപിറ്റോളിലേക്ക് ആൾക്കൂട്ടത്തെ അയച്ചു. അവർ ക്രമസമാധാനപാലകർക്കുനേരെ അതിക്രമം നടത്തി. ആൾക്കൂട്ടത്തെ തിരികെവിളിക്കാനും പ്രശ്നം പരിഹരിക്കാനും സ്വന്തം പാർട്ടിയിലെ ആളുകൾ അപേക്ഷിച്ചപ്പോൾ അദ്ദേഹം നേരെ വിപരീതമായതുചെയ്തു. എരിതീയിൽ എള്ളയൊഴിച്ചുവെന്നും കമല ആരോപിച്ചു. ട്രംപിനെതിരായ കേസുകളും അവർ ഓർമിപ്പിച്ചു.
അമേരിക്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം നയിക്കാൻ തയ്യാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഡോണൾഡ് ട്രംപ് ജനാധിപത്യത്തിനെതിരെ കലാപാഹ്വാനം നടത്തിയ വ്യക്തിയാണ്. ട്രംപ് യുഗത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും കമല ഹാരിസ് പറഞ്ഞു. പ്രസിഡൻറ് ജോ ബൈഡനോടുള്ള നന്ദിയും കമല ഹാരിസ് പ്രകടിപ്പിച്ചു. പിന്തുണയ്ക്കും പ്രചോദനങ്ങൾക്കും നന്ദിയെന്നാണ് കമല ഹാരിസ് പറഞ്ഞത്. പ്രസംഗത്തിൽ അമ്മ ശ്യാമള ഗോപാലനെ കമല ഹാരിസ് ഓർമ്മിച്ചു. സ്തനാർബുദം ഭേദമാക്കുന്ന ഗവേഷകയെന്ന സ്വപ്നവുമായി ഇന്ത്യയിൽ നിന്ന് കാലിഫോർണിയയിലേക്ക് തനിച്ച് യാത്ര ചെയ്യുമ്പോൾ 19 വയസ്സായിരുന്നു അമ്മയുടെ പ്രായമെന്ന് കമല ഹാരിസ് പറഞ്ഞു.
ഇസ്രയേലിൻറെ സ്വയം രക്ഷാവകാശത്തിന് പൂർണ പിന്തുണയെന്നും ഇസ്രയേലിനൊപ്പം എന്ന് തന്നെയാണ് അമേരിക്കൻ നയമെന്നും കമല ഹാരിസ് വ്യക്തമാക്കി. അതേസമയം ഇസ്രായേൽ - ഗാസ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് കമല ഹാരിസ് ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ ദുരിതം അവസാനിക്കണമെന്നും സമാധാന കരാർ ഉടൻ പ്രാവർത്തികമാക്കണമെന്നും അഭ്യർത്ഥിച്ചു. നാറ്റോ സഖ്യ കക്ഷികളുമായുള്ള ബന്ധം തുടർന്ന് യുക്രൈനെ സംരക്ഷിക്കാനുള്ള നയങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും കമല ഹാരിസ് വ്യക്തമാക്കി. അതിനിടെ ഗാസയിലെ ഇസ്രയേലിൻറെ ആക്രമണങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നതിനെതിരെ കൺവെൻഷന് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല. വിജയിച്ചു വന്നാൽ യുഎസിന്റെ പ്രഥമ വനിത പ്രസിഡന്റും. അഭിപ്രായ സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനേക്കാൾ ബഹുദൂരം മുന്നിലാണ് കമല. അസോഷ്യേറ്റഡ് പ്രസ് (എപി), നാഷനൽ ഒപ്പീനിയൻ റിസർച് സെന്റർ (നോർക്) എന്നിവർ ചേർന്ന് 1,164 വോട്ടർമാർക്കിടയിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ നടത്തിയ അഭിപ്രായവോട്ടെടുപ്പിലെ ഫലമനുസരിച്ച് കമലയ്ക്ക് 49% പിന്തുണയുണ്ട്. ട്രംപിന് 41%. പാർട്ടി അനുഭാവങ്ങളൊന്നുമില്ലാത്ത സ്വതന്ത്രവോട്ടർമാരിൽ 40% കമലയെ അനുകൂലിക്കുന്നു; 40% പേർ ട്രംപിനൊപ്പമുണ്ട്.
© Copyright 2023. All Rights Reserved