പ്രമുഖ ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് അമേരിക്കയിൽ വീണ്ടും സജീവമാകുന്നു. ആപ്പിനെ അമേരിക്കയിൽ നിലനിർത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളും ആപ്ലിളും തങ്ങളുടെ അമേരിക്കൻ ആപ്പ് സ്റ്റോറുകളിൽ ടിക് ടോക് ആപ്പ് ലഭ്യമാക്കി തുടങ്ങി. നേരത്തെ നിരോധനം പ്രഖ്യാപിച്ചതിനെ തുടർന്ന് , ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തിരുന്നു.
-------------------aud-------------------------------
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ആപ്പിൾ ആപ്പ് സ്റ്റോറിൽ ടിക് ടോക്ക് ആപ്പ് പുനഃസ്ഥാപിച്ചതെന്നാണ് പ്രമുഖ അന്തർദേശീയ മാധ്യമങ്ങളായ ബ്ലൂംബെർഗും സി എൻ ബി സിയും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ച നിയമത്തെ തുടർന്ന് ആപ്പിന്റെ അമേരിക്കയിലെ പ്രവർത്തനം പ്രതിസന്ധിയിലാകുകയായിരുന്നു.നിയമത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിൽ നിന്നുള്ള ഒരു ഉടമയ്‌ക്കോ അവരുടെ സഖ്യകക്ഷികളിൽ ഒരാൾക്കോ ആപ്പ് വിൽക്കാൻ 270 ദിവസത്തെ സമയമാണ് ടിക് ടോക് ഉടമസ്ഥരായ ബൈറ്റ്ഡാൻസിന് നൽകിയത്. അല്ലെങ്കിൽ അമേരിക്കയുടെ ദേശീയ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് വിലക്ക് നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി 19 ടിക് ടോക്കിന് അമേരിക്കയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നു.
എന്നാൽ ട്രംപ് അധികാരത്തിൽ തിരിച്ച് വന്നതിന് പിന്നാടെ ടിക് ടോക്കും അമേരിക്കയിലേക്ക് തിരിച്ചെത്തി. നിരോധനം താൽക്കാലികമായി നിർത്തുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ ഏകദേശം 14 മണിക്കൂർ നീണ്ടുനിന്ന ഉപരോധത്തിന് ശേഷം ടിക് ടോക് അമേരിക്കയിൽ വീണ്ടും സജീവമായി. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കിൽ സേവനം വീണ്ടും ആരംഭിക്കാമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ട് വെച്ചിരുന്നു. നിയമത്തിൽ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഞ്ച് വർഷം മുൻപ് നിരോധിച്ച ചൈനീസ് ആപ്പുകളിൽ പലതും ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നതായി റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. ഇതോടെ വലിയ ജനപ്രീതിയുണ്ടായിരുന്ന ടിക് ടോക്കും ഇന്ത്യയിലേക്ക് തിരിച്ചെത്തുമോയെന്ന ചർച്ചകളും സജീവമാണ്. ടിക് ടോക് നിരോധനത്തിന് ശേഷം സമാനമായ ജോഷ്, മോജോ എന്നീ ആപ്പുകൾക്കും പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുണ്ടാക്കാൻ സാധിച്ചിരുന്നു.
© Copyright 2024. All Rights Reserved