യു.എൻ സുരക്ഷ സമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ഫ്രാൻസും ബ്രിട്ടനും. ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യത്തെ ഫ്രാൻസ് പൂർണമായി പിന്തുണക്കുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു.
-------------------aud--------------------------------
യുഎൻ രക്ഷാസമിതി സ്തംഭിച്ച അവസ്ഥയിലാണെന്നും പ്രാതിനിധ്യം വർധിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കണമെന്നും മക്രോൺ പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസമ്മേളനത്തിലാണ് മക്രോൺ ഇക്കാര്യങ്ങൾ പറഞ്ഞത്. സുരക്ഷ സമിതി വികസിപ്പിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണ്. ജർമനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കും ആഫ്രിക്കയെ പ്രതിനിധീകരിച്ച് രണ്ട് രാജ്യങ്ങൾക്കും സ്ഥിരാംഗത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, യു.എസ് എന്നിവയാണ് നിലവിൽ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങൾ.
ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും അറിയിച്ചിരുന്നു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്കിടെയാണ് ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണ അറിയിച്ചത്. യുഎൻ രക്ഷാസമിതി പരിഷ്കരിക്കുന്നതിനും ക്വാഡ് നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ നേതൃത്വത്തെയും ജി-20യിലും ഗ്ലോബൽ സൗത്തിലും പ്രധാനമന്ത്രി മോദിയുടെ പങ്കിനെയും ബൈഡൻ അഭിനന്ദിച്ചു. മോദിയുടെ പോളണ്ട്, യുക്രൈൻ സന്ദർശനങ്ങളെയും അമേരിക്ക അഭിനന്ദിച്ചു. ക്വാഡ് ഉച്ചകോടിയിൽ സ്വതന്ത്രമാ ഇന്തോ-പസഫിക്കിൻ്റെ പ്രാധാന്യം മോദി ആവർത്തിച്ചു. ആരോഗ്യ സുരക്ഷ, സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ സഹകരണം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. പ്രതിജ്ഞാബദ്ധമായ ആഗോള നന്മയ്ക്കുള്ള ശക്തി എന്നാണ് അദ്ദേഹം ക്വാഡിനെ വിശേഷിപ്പിച്ചത്.
© Copyright 2024. All Rights Reserved