ലബനനിൽ വിന്യസിച്ചിട്ടുള്ള യുഎൻ സമാധാന സേനയെ ഉടൻ പിൻവലിക്കണമെന്ന് നിർദേശവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ സൈന്യം സമാധാന സേനയെ ആക്രമിച്ചതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നിർദേശം.
-------------------aud--------------------------------
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ സന്ദേശത്തിലാണ് സമാധാനസേനയെ ഉടൻ ലബനനിൽനിന്നു പിൻവലിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടത്. അതേസമയം, നെതന്യാഹുവിന്റെ നടപടിയെ ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി അപലപിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 20 സമാധാനസേനാംഗങ്ങൾക്ക് പരിക്കേറ്റു. സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും, പിന്മാറിയില്ലെങ്കിൽ ആപത്തുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. തൊട്ടുപിന്നാലെ, ഇസ്രയേൽ ടാങ്കുകൾ സമാധാനസേനയുടെ താവളത്തിലേക്ക് ഇടിച്ചുകയറ്റി. മതിൽതകർത്താണ് സൈന്യം ഉള്ളിൽ പ്രവേശിച്ചത്. സമാധാനസേനയെ പൂർണമായും നീക്കി ലബനനിലേക്ക് സമ്പൂർണയുദ്ധം അഴിച്ചുവിടാനാണ് ഇസ്രയേൽ നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ലോകരാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും തെക്കൻ ലബനനിലെ യു എൻ സമാധാനസേനയ്ക്കുനേരെ ആക്രമണം തുടർന്ന് ഇസ്രയേൽ. വെള്ളി രാവിലെ തെക്കൻ ലബനനിലെ നഖോറയിലെ സമാധാന സേനാ ആസ്ഥാനത്തേക്കുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഇസ്രയേൽ ആക്രമിച്ച വാച്ച് ടവറിന് സമീപംതന്നെയാണ് വീണ്ടും സ്ഫോടനമുണ്ടായത്.
© Copyright 2024. All Rights Reserved