യുകെയിലെ ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വയോജനങ്ങൾ ഏറി വരുന്ന പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രഫ. സർ ക്രിസ് വിറ്റി. ആളുകൾ ദീർഘായുസ്സോടെ ജീവിക്കുന്നത് പ്രതീക്ഷാനിർഭരമായ കാര്യമാണെങ്കിലും ഇവരിൽ മിക്കവരും മോശമായ ആരോഗ്യത്തോടെ മോശം സാഹചര്യത്തിലാണ് ദിനങ്ങൾ തള്ളി നീക്കുന്നതെന്നും ഇതിന് മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ് വിറ്റി നിർദേശിക്കുന്നത്. നിലവിലെ പ്രവണതകൾ പ്രകാരം ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് ഇത്തരത്തിൽ പ്രായമായവരേറെയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ഈ പ്രദേശങ്ങളിൽ പ്രായമായവരുടെ പ്രശ്‌നങ്ങൾ പത്ത് വർഷം മുമ്പ് തന്നെ വർധിച്ചിട്ടുണ്ടെന്നും വിറ്റി എടുത്ത് കാട്ടുന്നു. യുവജനങ്ങൾ പ്രൗഢിയേറിയതും സമ്പന്നവുമായ സിറ്റികളിലേക്ക് മാറിത്താമസിക്കുമ്പോൾ സ്‌കാർബറോ, നോർത്ത് നോർഫോക്ക് അല്ലെങ്കിൽ സൗത്ത് കോസ്റ്റ് ഓഫ് ഇംഗ്ലണ്ട് പോലുള്ള ഏരിയകളിൽ പ്രായമായവരേറി വരുന്ന സ്ഥിതിയാണുളളത്. ഇവിടങ്ങളിൽ പ്രായമായവരേറി വരുന്ന പ്രക്രിയ വളരെ വേഗത്തിലാണെന്നും വിറ്റി വെളിപ്പെടുത്തുന്നു. ഇവരിൽ ഭൂരിഭാഗം പേരും അവസാന നാളുകളിൽ വളരെ മോശപ്പെട്ട ആരോഗ്യത്തോടെയും മറ്റുളളവരെ ആശ്രയിച്ചുമാണ് കഴിയുന്നതെന്നതാണ് ദുഃഖമുണ്ടാക്കുന്ന കാര്യമെന്നും വിറ്റി ആവർത്തിക്കുന്നു.
ഇത്തരത്തിൽ പ്രായമായവരേറെയുള്ള പ്രദേശങ്ങളിൽ അവർക്ക് അത്യാവശ്യമായ സർവീസുകളും പരിതസ്ഥിതികളും ഒരുക്കിക്കൊടുക്കുന്നതിന് സർക്കാർ മുൻഗണനയേകണമെന്നും തന്റെ റിപ്പോർട്ടിലൂടെ വിറ്റി നിർദേശിക്കുന്നു. നിലവിൽ പ്രായമായവർക്ക് ആവശ്യമായ സേവനങ്ങളുറപ്പാക്കാൻ എല്ലാ എൻഎച്ച്എസ് ട്രസ്റ്റുകളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇത് നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണ്. അതിന് ആവശ്യമായ തോതിൽ ഫണ്ടും വർക്കർമാരെയും ഉറപ്പാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ റിപ്പോർട്ട് നിർദേശിക്കുന്നു.
ഒരു നൂറ്റാണ്ട് മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ആളുകൾക്ക് നിലവിൽ കൂടുതൽ കാലം ജീവിക്കാൻ സാധിക്കുന്നത് മെഡിസിനുകളുടെയും പബ്ലിക്ക് ഹെൽത്ത് സിസ്റ്റത്തിന്റെയും വിജയത്തെയാണ് കാണിക്കുന്നതെങ്കിലും അവർക്ക് അത്യാവശ്യമായ സർവീസുകൾ കൂടി ഉറപ്പ് വരുത്തേണ്ട ബാധ്യത പൊതു ജനാരോഗ്യ സംവിധാനത്തിനുണ്ടെന്നും വിറ്റി അഭിപ്രായപ്പെടുന്നു.
പ്രായമായവർക്ക് രോഗങ്ങളില്ലാതെയും മാനസികവും ശാരീരികവുമായ ആരോഗ്യവും സന്തോഷവും ഉറപ്പ് വരുത്തി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനുളള കൂടുതൽ സൗകര്യങ്ങൾ ഈ സാഹചര്യത്തിലുറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഈ റിപ്പോർട്ട് ഓർമിപ്പിക്കുന്നു. യുവജനങ്ങൾ നഗരങ്ങളിലെ തിരക്കുള്ള ജീവിതത്തിലേയ്ക്ക് മാറുന്നത് പ്രായമായവരുടെ ഒറ്റപ്പെടലിനു വഴിവയ്ക്കുന്നുണ്ട്.
© Copyright 2023. All Rights Reserved