സ്ത്രീകളിലെ ആര്‍ത്തവ വിരാമം പ്രശ്നങ്ങള്‍ക്ക് സമാനമായി മധ്യവയസ്സിലെത്തിയ പുരുഷന്മാരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഗണിച്ചു യുകെയില്‍ കൗണ്‍സിലുകള്‍, യൂണിവേഴ്സിറ്റികള്‍, പോലീസ്, ഫയര്‍ സര്‍വീസ് എന്നീ മേഖലകളില്‍ ഇപ്പോള്‍ പുരുഷ ആര്‍ത്തവവിരാമ നയം രൂപീകരിച്ചിരിക്കുകയാണ്.
വനിതകളുടെ പ്രത്യേക അവകാശങ്ങളില്‍ ഒന്നുകൂടി നഷ്ടമാകുന്നു എന്നാണ് ഈ പുരുഷ ആര്‍ത്തവ വിരാമ നയ (മെയില്‍ മെനൊപോസ് പോളിസി) ത്തെ കുറിച്ച് വിമര്‍ശകര്‍ പറയുന്നത്. പുരുഷന്മാരിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ പല പൊതു മേഖല സ്ഥാപനങ്ങളും വകുപ്പുകളും പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.ഉറക്ക കുറവ്, പെട്ടെന്നുള്ള മൂഡ് മാറ്റം എന്നിവ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ചികിത്സകളും ചില സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മധ്യവയസ്‌കര്‍ക്ക് ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോ, അതല്ലെങ്കില്‍ തൊഴിലിടത്ത് വൈകിയെത്തുന്നതിനുള്ള അനുമതി എന്നീ സൗകര്യങ്ങള്‍ നല്‍കണമെന്നാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. പൊതുമേഖലയിലെ തൊഴില്‍ ദാതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ പുരുഷ ആര്‍ത്തവ വിരാമ ലക്ഷണങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ക്ക് ഷിഫ്റ്റുകള്‍ മാറ്റി എടുക്കുക, അഡ്ഹോക്ക് അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത്. സമാനമായ രീതിയില്‍, ചടുലവും വഴക്കമുള്ളതുമായ തൊഴില്‍ നയങ്ങള്‍ പിന്തുടരണമെന്ന് യു കെയിലെ പോലീസ് സേനക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ കൗണ്‍സിലുകളും യൂണിവേഴ്സിറ്റികളും സമാനമായ രീതിയില്‍ പുരുഷന്മാരിലെ ഹോര്‍മോണ്‍ വ്യതിയാന ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ നയങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. എന്നാല്‍, ആരോഗ്യരംഗത്തുള്ളവര്‍ക്കു വ്യത്യസ്ത കാഴ്ച്ചപ്പാടാണ് ഇക്കാര്യത്തിലുള്ളത്. മദ്ധ്യവയസ്സില്‍ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ സ്ത്രീകളിലെ ആര്‍ത്തവിരാമ ലക്ഷണങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് ആരോഗ്യരംഗത്തുള്ളവരില്‍ ചിലര്‍ പറയുന്നത്. അത് ശാസ്ത്രീയ അടിത്തറയുള്ള ഒരു നിഗമനമല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ചില എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ ഇതിനോടകം മെയില്‍ മെനോപോസ് പോളിസികള്‍ നടപ്പിലാക്കിയിട്ടുമുണ്ട്.
© Copyright 2023. All Rights Reserved