നടത്തിപ്പ് ചിലവ് വർദ്ധിക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നാഷണൽ ഇൻഷുറൻസിലും വേതനത്തിലും ഉണ്ടാകുന്ന വർദ്ധനവാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
-------------------aud--------------------------------
ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡവലപ്‌മെൻ്റ് (സിഐപിഡി) നോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകൾ അറിയിച്ചത്. ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സ് നടത്തിയ പഠനത്തിലാണ് ഒട്ടേറെ യു കെ മലയാളികളെയും വിദ്യാർത്ഥി വിസയിൽ എത്തിയവരെയും പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2024 – ലെ അവസാന മൂന്നു മാസങ്ങളിൽ ചെറുകിട സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനുള്ള ആത്മവിശ്വാസം കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായി കണ്ടെത്തിയത് നിലവിലെ സ്ഥിതി വളരെ രൂക്ഷമാണെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി ഉൾപ്പെടുത്താതെയുള്ളതാണ് ഈ കണക്കുകൾ. എന്നാൽ നിക്ഷേപം നടത്താനും മുന്നോട്ടുപോകാനുമുള്ള സ്ഥിരത ബിസിനസുകൾക്ക് കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് ട്രഷറി പറഞ്ഞു. തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിലേക്കുള്ള (എൻഐസി) വർദ്ധനവും ഒക്ടോബറിലെ ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ മിനിമം വേതനത്തിലെ വർദ്ധനവും ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ പുറത്തുവരുന്ന വിവരങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന കാര്യത്തിൽ സംശയമില്ല. സിഐപിഡി സർവേ പ്രകാരം 2,000 സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് പേർ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടലിലൂടെയോ, കുറച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെയോ കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായി പറഞ്ഞു. 42 ശതമാനം തങ്ങളുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയർത്തി പിടിച്ച് നിൽക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു . എന്നാൽ 25 ശതമാനം പേർ തങ്ങളുടെ ബിസിനസ്സിൽ നിക്ഷേപിക്കാനോ വികസിപ്പിക്കാനോ ഉള്ള പദ്ധതികളിൽ നിന്ന് പിൻവാങ്ങാൻ ആലോചിക്കുന്നവരാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ഏറ്റവും പുതിയ ഔദ്യോഗിക തൊഴിൽ കണക്കുകൾക്ക് മുന്നോടിയായാണ് കണ്ടെത്തലുകൾ പുറത്തുവന്നത് .
© Copyright 2024. All Rights Reserved