ലണ്ടൻ പണിമുടക്കുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഡോക്ടർമാർക്ക് 20% ശമ്പള വർധന ലഭിക്കും. നഴ്സുമാരുടെ നീണ്ടകാലത്തെ സമരത്തിന് ശേഷം എൻഎച്ച് എസിലെ നേഴ്സുമാർക്ക് തുച്‌ഛമായ ശമ്പള വർധന നൽകിയ സ്‌ഥാനത്താണ് ഡോക്ടർമാരുടെ ഭേദപ്പെട്ട ശമ്പള വർധന. ഇതിൽ നഴ്സിങ് യൂണിയനുകൾ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. 5% ശമ്പള വർധനവും 1655 പൗണ്ട് ഒറ്റത്തവണയായി നൽകിയതുമാണ് നഴ്സുമാർക്ക് കിട്ടിയ ആനുകൂല്യം. ഡോക്ടർമാർക്ക് നേഴ്‌സുമാരുമായി താരതമ്യം ചെയ്യുമ്പോൾ 4 ഇരട്ടി ശമ്പള വർധനവാണ് ലഭിച്ചിരിക്കുന്നത്. 20% ശമ്പള വർധനവ് ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്‌ടർമാർക്ക് നൽകിയതിൽ കടുത്ത വിവേചനം ഉണ്ടായതായി നഴ്‌സിങ് യൂണിയനുകൾ പറയുന്നു. എൻ എച്ച് എസിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ചിലർക്ക് വീണ്ടും ഉയർന്ന വേതനം നൽകുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന് ഒരു മടിയുമില്ലെന്ന് ആർസിഎൻ ചീഫ് നഴ്‌സ് പ്രഫ. നിക്കോള റേഞ്ചർ പറഞ്ഞു. അതേസമയം പൊതുമേഖലയിലെ ഏറ്റവും കുറഞ്ഞ ശമ്പള വർധനവാണ് നഴ്‌സുമാർക്ക് ലഭിച്ചതെന്ന് അവർ കുട്ടി ചേർത്തു. ഡോക്ടർമാർക്ക് നൽകിയ 20% ശമ്പള വർധനവ് കാരണം ഭാവിയിൽനഴ്സുമാർ കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയുണ്ടെന്ന് പ്രഫ. റേഞ്ചർ പറഞ്ഞു. നേരത്തെ 5% ശമ്പള വർധനവിൻ്റെ കാര്യത്തിൽ ആർസിഎൻ വിമുഖതയാണ് കാണിച്ചത്. എന്നാൽ ആംബുലൻസ് തൊഴിലാളികൾ, പോർട്ടർമാർ,
ഫിസിയോതെറാപ്പിസ്‌റ്റുകൾ തുടങ്ങി മറ്റ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ 5% ശമ്പള വർധനവിനെ അനുകൂലിച്ചതു മൂലം
സർക്കാരിന് അത് നടപ്പിലാക്കാൻ സാധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ സീനിയർ, ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന പണിമുടക്കാണ് 20% ശമ്പള വർധനവിന് കാരണമായത്. തിങ്കളാഴ്‌ച പ്രഖ്യാപിച്ച വേതന വർധനവ് സ്കെയിൽ അംഗീകരിക്കാൻ, ഡോക്‌ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ അടുത്തമാസം വോട്ട് ചെയ്യുകയാണെങ്കിൽ, പല കൺസൾട്ടന്റുമാർക്കും ഈവർഷം ഇതിനകം ലഭിച്ച 6% ശമ്പള വർധന ജനുവരി മുതൽ 20% ആയി മാറും.
© Copyright 2024. All Rights Reserved