യുകെയിലെ പ്രധാന എയർപോർട്ടുകളായ ഹീത്രു , ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ജൂൺ 1 മുതൽ തങ്ങളുടെ ഹാൻഡ് ലഗേജിൽ കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ പരിധി 100 മില്ലി എന്ന നിബന്ധന നീക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ ഇളവ് ഉടനെയൊന്നും പ്രാവർത്തികമാകാനിടയില്ല. പുതിയ സ്കാനറുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സുരക്ഷാകാരണങ്ങളാൽ ഇത് ഉടനെ നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
-------------------aud--------------------------------
നിലവിൽ അനുവദിച്ചിരിക്കുന്ന പരിധി 100 മില്ലി മാത്രമാണ്. ജൂൺ 1 മുതൽ ഈ നിയന്ത്രണം മാറ്റുന്നതിനുള്ള അനുമതി നൽകിയിരുന്നു. യുകെയിലെ എയർപോർട്ടുകളിൽ നിയന്ത്രണം എടുത്തുകളയുന്നതിനുള്ള കാലതാമസം ഒരു വർഷം വരെ നീണ്ടേക്കാം എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ 2025 ജൂൺ വരെ യാത്രക്കാർക്ക് ഹാൻഡ് ലഗേജിൽ നിന്ന് ദ്രാവകങ്ങളും മറ്റും നീക്കം ചെയ്യുന്നത് തുടരേണ്ടിവരും.
യുകെയിൽ അനുവദിച്ച സമയപരിധിക്കുള്ളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്താത്ത വിമാനത്താവളങ്ങൾക്ക് സിവിൽ എവിയേഷൻ അതോറിറ്റി സാമ്പത്തിക പിഴ ചുമത്തുമെന്ന് ഡി എഫ് ടി അറിയിച്ചിട്ടുണ്ട്. 2006 -ൽ വിമാനത്തിൽ ബോംബ് വയ്ക്കാനുള്ള ഒരു ഗൂഢാലോചന പുറത്തുവന്നതിനെ തുടർന്നാണ് 100 മില്ലി ദ്രാവക പരുധി നിശ്ചയിച്ചിരിക്കുന്നതും അനുബന്ധ നിയന്ത്രണങ്ങൾ നിലവിൽ വരുകയും ചെയ്തത്.
പുതിയ സ്കാനറുകൾ സ്ഥാപിക്കുന്നതോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലഗേജുകളിൽ ഉള്ള സാധനങ്ങളുടെ ത്രീഡി ഇമേജുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിരോധിത സാധനങ്ങൾ ലഗേജിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും . ഇതിലൂടെ വലിയ അളവിൽ ദ്രാവകങ്ങൾ അനുവദിക്കുന്നതിനും ലാപ്ടോപ്പുകൾ പോലുള്ള ഇലക്ട്രോണിക് സാധനങ്ങൾ ബാഗിൽ നിന്ന് പുറത്തുവച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാനും സാധിക്കും. നിലവിൽ ടീസൈഡ്, ലണ്ടൻ സിറ്റി, ബർമിംഗ്ഹാം തുടങ്ങിയ ചെറിയ വിമാനത്താവളങ്ങളിൽ പുതിയ സുരക്ഷാ സ്ക്രീനിംഗ് സാങ്കേതികവിദ്യയുണ്ട്.
© Copyright 2023. All Rights Reserved