യുകെയിൽ ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ച് നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി. മാർക്കറ്റിംഗ് സ്വിച്ചിങ് ഇൻസെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കും ഈ സ്വിച്ച് ഓഫർ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കൾ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയിലേയ്ക്ക് മാറ്റേണ്ടതായി വരും.
ഉപഭോക്താക്കൾ നേഷൻ വൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ ഫ്‌ലക്‌സ് പ്ലസ്, ഫ്‌ലക്‌സ് ഡയറക്ട്, ഫ്‌ലക്‌സ് അക്കൗണ്ട് എന്ന വിഭാഗത്തിലുള്ള അക്കൗണ്ടുകളിലേയ്ക്ക് മാറുന്നതിനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് സ്വിച്ചിങ് ആഗ്രഹിക്കുന്നവർക്ക് 7 ദിവസത്തെ സമയപരിധിയാണ് വേണ്ടിവരുന്നത്. സ്വിച്ചിംഗ് പൂർത്തിയാക്കി കഴിഞ്ഞാൽ 10 പ്രവർത്തി ദിനങ്ങൾക്ക് ഉള്ളിൽ 200 പൗണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ മാസത്തിനു ശേഷം ഇതാദ്യമായി 5 ശതമാനത്തിൽ താഴെ നിരക്കുള്ള മോർട്ട്ഗേജ് ഡീൽ നേഷൻവൈഡ് നടപ്പിലാക്കിയിരുന്നു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി 4.99 ശതമാനം നിരക്കുള്ള ഒരു രണ്ട് വർഷ ഫിക്സ്ഡ് റേറ്റാണ് ബിൽഡിംഗ് സൊസൈറ്റി കൊണ്ടുവന്നിരിക്കുന്നത്. തകർന്ന് കൊണ്ടിരിക്കുന്ന ഗൃഹ വിപണിയിൽ ചെറിയ ചലനം സൃഷ്ടിക്കാനെങ്കിലും ഇതുവഴി കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ധർ കണക്കുകൂട്ടുന്നത്.
ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഡീലിൽ നേരത്തെയുള്ള ഡീലിൽ നിന്നും 0.25 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ്. പുതിയതായി വീട് വാങ്ങുന്നവരെ ഉന്നം വെച്ചുള്ളതാണ് ഈ ഡീൽ. എന്നാൽ, ഇതിന് അർഹത നേടണമെങ്കിൽ 40 ശതമാനമോ അതിലധികമോ ഡെപ്പോസിറ്റോ അല്ലെങ്കിൽ ഇക്വിറ്റി സ്റ്റേക്കോ ആവശ്യമാണ്. നിലവിലുള്ള മോർട്ട്ഗേജ് ഹോൾഡേഴ്സിനെ ലക്ഷ്യം വെച്ചും നേഷൻവൈഡ് 4.99 ശതമാനം നിരക്കിൽ ഒരു രണ്ടു വർഷ ഫിക്സ്ഡ് റേറ്റ് ഡീൽ ആരംഭിച്ചിട്ടുണ്ട്."
© Copyright 2024. All Rights Reserved