യുകെയിൽ വിന്റർ വിതയ്ക്കുന്നത് കടുത്ത ബുദ്ധിമുട്ടുകൾ; റോഡ്-റെയിൽ-വിമാന ഗതാഗതങ്ങൾ മുടങ്ങി; വിവിധ സ്‌പോർട്ടിംഗ് ഇവന്റുകൾ റദ്ദാക്കി; റോഡുകളിലെ മഞ്ഞിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു; അത്യാവശ്യമെങ്കിൽ മാത്രം പുറത്തേക്കിറങ്ങുകയുകെയിൽ വിന്റർ കനത്ത ദുരിതം വിതയ്ക്കുന്നു. വാരാന്ത്യം കടുത്ത ശൈത്യത്തിനു വഴിവയ്ക്കുമെന്ന പ്രവചനം ശരിവച്ചാണ് കാലാവസ്ഥ. കടുത്ത മഞ്ഞ്, ഐസ് വർഷം ഉണ്ടാകാൻ പോകുന്ന സാഹചര്യത്തിൽ യുകെയുടെ വിവിധ ഭാഗങ്ങൾക്ക് ബാധകമാകുന്ന വിധത്തിൽ പുതിയ യെല്ലോ വെതർ വാണിംഗ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മിഡ് ലാൻഡ്‌സിന്റെ മിക്ക ഭാഗങ്ങളെയും യോർക്ക്‌ഷെയർ, നോർത്ത്, സെൻട്രൽ വെയിൽസ്, തുടങ്ങിയ പ്രദേശങ്ങൾക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ റോഡ്-റെയിൽ ഗതാഗതസംവിധാനങ്ങളിൽ കാര്യമായ തടസ്സങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.കടുത്ത ഹിമപാതത്തെ തുടർന്ന് കുംബ്രിയയിൽ പോലീസ് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ആളുകൾ വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ യാത്രക്കിറങ്ങാവൂ എന്നാണ് അധികൃതർ കടുത്ത നിർദേശമേകിയിരിക്കുന്നത്. സൗത്ത്‌ലേയ്ക്ക്, മില്ലം ഏരിയയിലേക്ക് ഈ അവസരത്തിൽ യാത്ര ചെയ്യുന്നത് കടുത്ത അപകടസാധ്യതയുണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ഹിമപാതത്തെ തുടർന്ന് ജെ 38നും ജെ 37നും മധ്യത്തിൽ എം6 സൗത്ത് ബോണ്ടിൽ ഗതാഗത തടസ്സങ്ങളുണ്ടായെന്നും മില്ലത്തിനും ഫർനത്തിനുമിടയിൽ എ595ൽ തടസ്സങ്ങളുണ്ടായെന്നും കുംബ്രിയ പോലീസ് വെളിപ്പെടുത്തുന്നു.ഇന്നലെ വൈകുന്നേരം വിവിധ റോഡുകളിൽ ഹിമപാതത്താൽ നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയി ഗതാഗത ബുദ്ധിമുട്ടുകളുണ്ടായെന്ന് നാഷണൽ ഹൈവേസും സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞ് വീഴ്ച കാരണം വിവിധ റോഡുകളിൽ വാഹനങ്ങൾ അകപ്പെട്ട് പോയ നിരവധി റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ അവസരത്തിൽ റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിനായി തങ്ങൾ കടുത്ത ശ്രമമാണ് നടത്തി വരുന്നതെന്നാണ് പോലീസ് സൂപ്രണ്ടായ ആൻഡി വിൽകിൻസൻ പറയുന്നത്. പ്രതികൂലമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ചില സ്‌പോർട്ടിംഗ് ഇവന്റുകൾ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്.സ്‌കോട്ടിഷ് പ്രഫഷണൽ ഫുട്‌ബോൾ ലീഗിലെ എലവൻ ഫുട്‌ബോൾ മാച്ച് നീട്ടി വയ്ക്കുകയും ആൽഫെർടൺ ടൗണും വാൽസാളും തമ്മിലുള്ള എഫ്എ കപ്പ് ടൈ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ക്ര്യൂ അലക്‌സാണ്ട്രയുടെ ബ്രിസ്റ്റോൾ റോവേർസിനെതിരായുള്ള എഫ്എ കപ്പ് ടൈയും റദ്ദാക്കിയിട്ടുണ്ട്. കുംബ്രിയയിൽ കടുത്ത ഹിമപാതമുണ്ടാകുമെന്ന ആംബർ അലേർട്ട് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്തേൺ സ്‌കോട്ട്‌ലൻഡിൽ താപനില രാത്രിയിൽ മൈനസ് 11 ഡിഗ്രിയായി താഴ്ന്നുവെന്നാണ് ബിബിസി വെതർ ഫോർകാസ്റ്ററായ സ്റ്റാവ് ഡാനോസ് പറയുന്നത്.പ്രതികൂലമായ കാലാവസ്ഥ കാരണം ഗ്ലാസ്‌കോ എയർ പോർട്ടിൽ നിരവധി വിമാനങ്ങളാണ് ഇന്നലെ രാവിലെ സർവീസ് തടസ്സം നേരിട്ടിരിക്കുന്നത്. ലണ്ടൻ, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് വെയിൽസിന്റെ ഭാഗങ്ങൾ എന്നിവയെ ബാധിക്കുന്ന യെല്ലോ വെതർ വാണിംഗ് പുറപ്പെടുവിച്ചിരുന്നു.
© Copyright 2025. All Rights Reserved