യുകെയിൽ ശൈത്യം കടുക്കുന്നതിന്റെ സൂചനകൾ നൽകി സൗത്ത് ഈസ്റ്റിലും, വെസ്റ്റ് മിഡ്‌ലാൻഡ്‌സിലും ഐസ് അലേർട്ട്. ചൊവ്വാഴ്ച ശൈത്യകാല സാഹചര്യങ്ങൾ ശക്തമായതോടെ വ്യാപകമായ യാത്രാ തടസ്സങ്ങളാണ് രൂപപ്പെട്ടത്. 200-ലേറെ സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയും നേരിട്ടു.
-------------------aud--------------------------------
ബുധനാഴ്ച രാവിലെ ഓഫീസിലും, സ്‌കൂളിലും പോകുന്ന സമയത്തും ഈ ബുദ്ധിമുട്ടിപ്പിക്കുന്ന അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. റോഡുകളും, പൊതുഗതാഗത സംവിധാനങ്ങളും ഈ പ്രശ്‌നത്തിൽ പൊറുതിമുട്ടും.
ലണ്ടൻ മുതൽ സതേൺ ഇംഗ്ലണ്ടിൽ എക്സ്റ്റർ, ബർമിംഗ്ഹാം, ലെസ്റ്റർ, ചെസ്റ്റർ എന്നിങ്ങനെ സ്ഥലങ്ങളിലും ഐസ് അലേർട്ട് ബാധകമാണ്. രാവിലെ 10 വരെയാണ് നിലവിൽ പ്രാബല്യം. വെയിൽസിലെ ഭൂരിഭാഗം മേഖലകൾക്കും മഞ്ഞ്, ഐസ് മുന്നറിയിപ്പ് നിലവിലുണ്ട്. കൂടാതെ വെസ്റ്റ്, നോർത്ത് സ്‌കോട്ട്‌ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലും ഇത് ബാധകമാണ്. അതേസമയം ഈസ്റ്റ് ആംഗ്ലിയ മുതൽ സ്‌കോട്ടിഷ് തീരങ്ങൾ വരെയുള്ള ഭാഗങ്ങളിൽ മറ്റൊരു മഞ്ഞ്, ഐസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് ഉച്ചവരെ നീളും. രാവിലെ റോഡ്, റെയിൽ യാത്രകൾക്ക് കാലതാമസം നേരിടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. അർദ്ധരാത്രിയോടെ രാജ്യത്തിന്റെ പല ഭാഗത്തും താപനില പൂജ്യത്തിലും, അതിന് താഴേക്കും പോയതോടെയാണ് മഞ്ഞ് കൂടിയത്.
മഞ്ഞുവീഴ്ച മൂലം വെയിൽസിൽ 140 സ്‌കൂളുകളും, വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 50, ഡെർബിഷയറിൽ 20 എന്നിങ്ങനെ സ്‌കൂളുകൾ അടയ്‌ക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധ റൂട്ടുകളിൽ തടസ്സങ്ങൾ നേരിടുമെന്ന് നെറ്റ്‌വർക്ക് റെയിൽ ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
© Copyright 2024. All Rights Reserved