യുകെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴ്ന്നു; ശമ്പള വളർച്ചയും മന്ദഗതിയിൽ; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാൻ 'ഇന്ററസ്റ്റ്' നൽകുന്ന ഒഎൻഎസ് കണക്കുകൾ പുറത്ത്; ആകാംക്ഷയോടെ മോർട്ട്‌ഗേജുകാർ
യുകെയിൽ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴുകയും, ശമ്പളവർദ്ധന മന്ദഗതിയിലാകുകയും ചെയ്തതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകൾ.
-------------------aud--------------------------------
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള ശമ്പള വളർച്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്, 4.9%.
മൂന്ന് മുൻ മാസങ്ങളിലെ 5.9 ശതമാനത്തിൽ നിന്നുമാണ് നിരക്ക് താഴ്ന്നത്. ഇപ്പോഴും പണപ്പെരുപ്പത്തെ മറികടന്നുള്ള ശമ്പളവർദ്ധന തുടരുന്നുണ്ട്. സിപിഐ പണപ്പെരുപ്പം കൂടി കണക്കിലെടുത്താൽ ആഗസ്റ്റ് വരെ മൂന്ന് മാസങ്ങളിൽ 2.6 ശതമാനമാണ് വരുമാനം ഉയർന്നത്.
2023 സമ്മറിൽ 8 ശതമാനത്തിന് അരികിലെത്തിയ ശേഷമാണ് വരുമാന വർദ്ധന കുത്തനെ താഴ്ന്നത്. ശമ്പള വളർച്ച നേരിടുന്നുണ്ടെങ്കിലും മുൻപത്തെക്കാൾ ഇതിന്റെ വേഗത കുറഞ്ഞിട്ടുണ്ട്.
എന്നിരുന്നാലും മോർട്ട്‌ഗേജ് എടുത്തവർക്ക് പ്രതീക്ഷയേകുന്ന വാർത്തയാണ് ഇത്. അടുത്ത മാസത്തെ യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള അവസരമാണ് ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മുന്നിൽ വെയ്ക്കുന്നത്.
അതേസമയം, സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലവസരങ്ങളിലും ഇടിവ് നേരിട്ടു. 34,000 വേക്കൻസികൾ കുറഞ്ഞ് 841,000 വേക്കൻസികളാണ് ഇപ്പോഴുള്ളത്. മുൻ കണക്കുകളിൽ 4.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 4 ശതമാനമായി കുറഞ്ഞത്. വേക്കൻസികൾ തുടർച്ചയായ 27-ാം തവണയാണ് കുറയുന്നത്.
© Copyright 2024. All Rights Reserved