യുകെ ഹോം ഓഫിസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇമിഗ്രേഷൻ, നാഷനാലിറ്റി സർവീസുകൾക്കുള്ള ഫീസ് വർധനവ് ഇന്നു നിലവിൽ വന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒട്ടുമിക്ക വർക്ക് വീസകളുടെയും സന്ദർശന വീസകളുടെയും ഫീസിൽ 15% വർധനവ് സർക്കാർ പ്രഖ്യാപിച്ചത്. മുൻഗണന വീസകൾ, സ്‌റ്റഡി വീസകൾ, സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ചാർജിലും കുറഞ്ഞത് 20% വർധനവാണ് നിലവിൽ വന്നത്.
മിക്ക എൻട്രി ക്ലിയറൻസ് ഫീസുകളെയും ജോലി, പഠനം എന്നിവയ്ക്കായി യുകെയിൽ തുടരുന്നതിനുള്ള പ്രത്യേക അപേക്ഷകളെയും വർധനവ് ബാധിക്കും . സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ, പഠനത്തിനുള്ള സ്വീകാര്യത സ്ഥിരീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളും വർധിപ്പിച്ചു.
നഴ്‌സുമാർ ഡോക്ടർമാർ കെയറർമാർ അടക്കമുള്ള ആരോഗ്യമേഖലയിലെ തസ്തികകളുടെ വീസ ഫീസുകളിൽ വന്നിട്ടുള്ള വർധന ഇന്ത്യക്കാരെയാണ് കൂടുതലായി ബാധിക്കുക. യുകെയിലെ പൊതുമേഖലാ ജീവനക്കാർക്ക് നൽകുന്ന ശമ്പള വർധനവിനും എൻഎച്ച്എസ് നവീകരണത്തിനും തുക കണ്ടെത്തുകയാണ് ഇമിഗ്രേഷൻ അടക്കമുള്ള വീസ ഫീസ് വർധന കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹെൽത്ത്, കെയർ വീസകൾ, ബ്രിട്ടിഷ് പൗരത്വത്തിനുള്ള അപേക്ഷകൾ, ആറ് മാസം, രണ്ട് വർഷം, അഞ്ച് വർഷം, പത്ത് വർഷം എന്നിങ്ങനെ നീളുന്ന സന്ദർശക വീസകൾക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ വിവിധ വീസ വിഭാഗങ്ങൾക്ക് ഫീസ് വർധനവ് ബാധകമാണ്.
ആറുമാസത്തിൽ താഴെയുള്ള സന്ദർശന വീസയുടെ ഫീസ് 115 പൗണ്ട് ആയി ഉയരും. 15 പൗണ്ടിന്റെ വർധനവാണ് വരിക. വിദേശ വിദ്യാർഥികൾക്കുള്ള വീസ അപേക്ഷാഫീസ് 363 ൽ നിന്നും 490 പൗണ്ട് ആയി വർധിക്കും.
ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റുഡന്റ് വീസ അപേക്ഷകർ 127 പൗണ്ടാണ് കൂടുതലായി നൽകേണ്ടി വരിക.
വിവിധ സ്‌കിൽഡ് വർക്ക് വീസ ഫീസുകൾ വർധിച്ചിട്ടുണ്ട്. 3 വർഷം വരെ കാലാവധിയുള്ള സ്‌കിൽഡ് വർക്കർ വീസകളുടെ യുകെയിൽ നിന്നുള്ള ചാർജുകൾ 719 പൗണ്ടിൽ നിന്ന് 827 പൗണ്ടായി വർധിച്ചു.
ഷോർട്ടേജ് ഒക്കപ്പേഷൻ ലിസ്‌റ്റിലുള്ള 3 വർഷം വരെയുള്ള സ്‌കിൽഡ് വർക്കർ വീസ ഫീസുകൾ യുകെയിൽ നിന്നുള്ളവർക്ക് 479 പൗണ്ടിൽ നിന്ന് 551 പൗണ്ടായി വർധിച്ചു. വിദേശത്ത് നിന്നുള്ളവർക്ക് 479 പൗണ്ടിന് പകരം 551 പൗണ്ടാണ് അടയ്‌ക്കേണ്ടത്.
ഷോർട്ടേജ് ഒക്കപ്പേഷൻ ലിസ്‌റ്റിലുള്ള 3 വർഷത്തിൽ കൂടുതലുള്ള സ്‌കിൽഡ് വർക്കർ വീസയ്ക്ക് യുകെയിൽ നിന്നുള്ളവർ 943 പൗണ്ടിന്റെ സ്ഥാനത്ത് 1,084 പൗണ്ട് അടയ്ക്കണം. വിദേശത്ത് നിന്നുള്ളവർ 943 പൗണ്ടിന് പകരം 1,084 പൗണ്ട് നൽകണം
. ഹെൽത്ത് ആൻഡ് കെയർ സ്‌കിൽഡ് വർക്കർ വീസ 3 വർഷം വരെ ലഭിക്കാൻ യുകെയിൽ നിന്നുള്ളവർ 247 പൗണ്ടിന്റെ സ്ഥാനത്ത് 284 പൗണ്ട് അടയ്ക്കണം. വിദേശത്ത് നിന്നുള്ളവർ 247 പൗണ്ടിന് പകരം 284 പൗണ്ടാണ് അടയ്‌ക്കേണ്ടത്.
ഇതേ വീസ 3 വർഷത്തിൽ കൂടുതൽ ലഭിക്കാൻ യുകെയിൽ നിന്നും 479 പൗണ്ടിന്റെ സ്ഥാനത്ത് 551 പൗണ്ട് അടയ്ക്കണം. വിദേശത്ത് നിന്നുള്ളവർ 479 പൗണ്ടിന്റെ സ്ഥാനത്ത് 551 പൗണ്ടാണ് അടയ്‌ക്കേണ്ടത്.
© Copyright 2023. All Rights Reserved