കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് എയർ ഇന്ത്യ പിന്മാറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
-------------------aud--------------------------------
വിമാന സർവീസ് നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് യുകെ മലയാളികൾ ഉയർത്തിയത്. ലാഭത്തിൽ ആയിരുന്ന കൊച്ചി – ലണ്ടൻ വിമാന സർവീസ് നിർത്തലാക്കുന്നതിന് വ്യക്തമായ കാരണം മുന്നോട്ട് വയ്ക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് കൊച്ചി എയർപോർട്ട് അധികൃതർ എയർ ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് എയർ ഇന്ത്യ തീരുമാനം പുനഃപരിശോധിക്കുവാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയത്. യു കെ മലയാളികളുടെ ശക്തമായ പ്രതിഷേധവും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടും ശക്തമായ സമ്മർദ്ദ നീക്കങ്ങൾ യുകെ മലയാളികൾ നടത്തിയിരുന്നു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയിൽ നിന്നുള്ള സർവീസ്. എക്കണോമി ക്ലാസിൽ 238 സീറ്റുകളും ബിസിനസ് ക്ലാസിൽ 18 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്താണ് കൊച്ചിയിൽ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പാക്കേജ് നിർദേശങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക് നൽകി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനുവും ചർച്ചയിൽ പങ്കെടുത്തു.
© Copyright 2024. All Rights Reserved