ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് യുകെ വിമാനത്താവളങ്ങളിൽ ക്രിസ്മസ് യാത്രകൾ ദുരിതത്തിലായി. മൂടൽമഞ്ഞ് ശക്തമായതോടെ നൂറുകണക്കിന് വിമാനങ്ങളാണ് വൈകുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. കാലാവസ്ഥ പ്രതികൂലമായതോടെ വ്യോമ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം യാത്രക്കാർ വിമാന കമ്പനികൾ നൽകുന്ന വിവരങ്ങൾ പരിശോധിക്കണമെന്ന് എയർ ട്രാഫിക് കൺട്രോൾ പ്രൊവൈഡർ നാറ്റ്‌സ് പറഞ്ഞു.
-------------------aud--------------------------------
തിരക്കിന്റെ കാര്യത്തിൽ യുകെയിൽ രണ്ടാമതും, മൂന്നാമതുമുള്ള വിമാനത്താവളങ്ങളായ ഗാറ്റ്‌വിക്കും, മാഞ്ചസ്റ്ററും മോശം കാലാവസ്ഥ ബാധിച്ചതിനെ തുടർന്ന് പ്രവർത്തനങ്ങൾ അവതാളത്തിലായിട്ടുണ്ട്. വെള്ളിയാഴ്ച ഗാറ്റ്‌വിക്കിൽ നിന്നും യാത്ര പുറപ്പെടുന്ന വിമാനങ്ങൾ മൂന്ന് മണിക്കൂർ വരെ വൈകിയാണ് യാത്ര ചെയ്യുന്നത്. ഇതിനിടെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്ന അര ഡസൻ വിമാനങ്ങൾ റദ്ദാക്കിയെന്നാണ് വിവരം. ക്രിസ്മസ് അവധി മുൻനിർത്തി യാത്ര ചെയ്യാൻ എത്തിയവർ ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങി. വിമാനങ്ങൾ അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ രോഷാകുലരായെന്നാണ് റിപ്പോർട്ടുകൾ.
മെറ്റ് ഓഫീസ് ഇപ്പോഴും മൂടൽമഞ്ഞിനുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും രാത്രിയിലെ സ്ഥിതി നിരീക്ഷിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശക്തമായ മൂടൽമഞ്ഞ് മൂലം യുകെയിലെ പല വിമാനത്താവളങ്ങളിലും താൽക്കാലിക എയർ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നാറ്റ്‌സ് വക്താവ് അറിയിച്ചു. സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണങ്ങളെന്നും, തടസ്സങ്ങൾ പരമാവധി കുറയ്ക്കാനും ശ്രമിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved