യുകെയിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പ്രൊഫസറാണ് നിതാഷ കൗൾ. കർണാടക സർക്കാരിൻറെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തന്നെ തിരിച്ചയച്ചെന്നാണ് നിതാഷ കൗൾ പറയുന്നത്. ദില്ലിയിൽ നിന്നുള്ള നിർദേശമാണ്, ഒന്നും ചെയ്യാനില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞെന്നും നിതാഷ കൗൾ അറിയിച്ചു.
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് തന്നെ തടഞ്ഞതെന്നാണ് നിതാഷ കൗളിൻറെ ആരോപണം. കൃത്യമായ കാരണം കാണിക്കാതെ 24 മണിക്കൂറാണ് റിട്ടേൺ ഫ്ലൈറ്റിന് മുന്നെ തന്നെ ഒരു മുറിയിൽ അടച്ചിട്ടത്. ആർ.എസ്.എസിനെ കുറിച്ച് താൻ നടത്തിയ വിമർശനങ്ങൾ ഉദ്യോഗസ്ഥർ സംസാരത്തിനിടെ സൂചിപ്പിച്ചു. ഹിന്ദുത്വവാദികൾ വർഷങ്ങളായി തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വിലക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഫ. നിതാഷ കൗൾ പറഞ്ഞു. എൻ്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പൊലീസിനെ അയച്ചിട്ടുണ്ട്. ഈ ഭീഷണികളെയെല്ലാം ഞാൻ നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്തത്. വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ വിലക്കുള്ള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവർ ചോദിച്ചു. യു.പിയിലെ ഗൊരഖ്പൂരിൽ കശ്‌മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നിതാഷ കൗൾ ജനിച്ചത്. 21-ാം വയസുമുതൽ ഇംഗ്ലണ്ടിലായിരുന്നു പഠനവും ഗവേഷണവും. ഇന്റർനാഷണൽ പൊളിറ്റിക്‌സിലും പൊളിറ്റിക്കൽ എക്കണോമിയിലും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ആദ്യ നോവലായ 'റെസിഡ്യൂ 2009ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസ് ചുരുക്കപ്പെട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയ ശേഷം കശ്‌മീരികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയിൽ മുഖ്യ സാക്ഷിയായി സംസാരിച്ചത് ഏറെ ചർച്ചയായിരുന്നു.
© Copyright 2023. All Rights Reserved