യുക്മ നാഷണല്‍ കലാമേളയില്‍ മൂന്ന് തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കി ലൂട്ടനിലെ ടോണി അലോഷ്യസ് ചരിത്രം കുറിച്ചു. ഈ കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മയുടെ പതിനാലാമതു നാഷണല്‍ കലാമേളയില്‍ സിനിമാറ്റിക് സോളോ ഡാന്‍സ്, നാടോടി നൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനവും സിനിമാറ്റിക് ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയാണ് ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ ടോണി അലോഷ്യസ് ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാപ്രതിഭ പട്ടം സ്വന്തമാക്കിയത്. 2019, 2020 വര്‍ഷങ്ങളിലും ടോണി കലാപ്രതിഭ പട്ടം കരസ്ഥമാക്കിയിരുന്നു. ഇത് ആദ്യമായാണ് യുക്മ നാഷണല്‍ കലാമേളയില്‍ ഒരു മത്സരാര്‍ഥി മൂന്നു തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കുന്നത്.
2020ല്‍ നടന്ന യുക്മയുടെ പതിനൊന്നാമതു യുക്മ നാഷണല്‍ കലാമേളയില്‍ സഹോദരിയായ ആനി അലോഷ്യസ് കലാതിലക പട്ടവും ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും നേടി വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. മത്സരിച്ച മുഴുവന്‍ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് 2020ല്‍ ആനിയും ടോണിയും കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നേടിയത്. ഈ വര്‍ഷത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയില്‍ ആനി അലോഷ്യസ് കലാതിലക പട്ടം കരസ്ഥമാക്കിയിരുന്നു. 2014, 2017, 2023 വര്‍ഷങ്ങളിലായി മൂന്ന് തവണയാണ് ആനി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയില്‍ കലാതിലക പട്ടം കരസ്ഥമാക്കിയത്.
ലണ്ടനിലെ ഇംമ്പീരിയല്‍ കോളേജില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ് ആനിയും ടോണിയും ഇപ്പോള്‍. പഠനത്തിലും മിടുക്കനാണ് ടോണി. ജിസിഎസ്ഇയിലും പഠിച്ച 12 വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാറും എ ലെവലില്‍ നാലു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടിയാണ് പാസായത്. 2019ലെ ടീന്‍ സ്റ്റാറില്‍ ലണ്ടന്‍ ഏരിയ ഫൈനലിസ്റ്റും 2020ലെ യുകെഎംടി സീനിയര്‍ മാത്തമാറ്റിക്കല്‍ ചലഞ്ചില്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. പിയാനോയില്‍ ഗ്രേഡ് 6, ഡ്രംസില്‍ ഗ്രേഡ് 5, കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റും നേടിയിട്ടുണ്ട്.
പഠനത്തോടൊപ്പം കലാസാംസ്‌കാരിക രംഗങ്ങളിലും ഇരുവരും നല്‍കുന്ന പ്രാധാന്യം യുകെയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രചോദനമാണ്. യുകെയിലെ വേദികളില്‍ സ്ഥിര പരിചിതരായ ഇരുവരും കോവിഡ് മഹാമാരി കാലയളവില്‍ ആതുര സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ലോയ്ഡ്‌സ് ബാങ്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ പിതാവ് അലോഷ്യസ് ഗബ്രിയേല്‍, തോംസണ്‍ ഹോളിഡേയ്‌സില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മാതാവ് ജിജി അലോഷ്യസ്, സഹോദരി ആനി അലോഷ്യന് എന്നിവരോടൊപ്പം ലണ്ടനിലെ ലൂട്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷമായി ഇവര്‍ യുകെയിലാണ് താമസിക്കുന്നത്.
യുകെയില്‍ അങ്ങോളമിങ്ങോളമുള്ള മുഴുവന്‍ മലയാളികളെയും പ്രതിനിധീകരിച്ച് യുക്മ നടത്തുന്ന കലാമേള ഓരോ വര്‍ഷവും മത്സരാര്‍ഥികളുടെ ആധിക്യം കൊണ്ടും ഗുണനിലവാരം കൊണ്ടും മികച്ചതാവുകയാണ്. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ ഈ വര്‍ഷവും വലിയ മുന്നൊരുക്കങ്ങളാണ് യുക്മ നാഷണല്‍ കലാമേളയ്ക്കായി ഒരുക്കിയിരുന്നത്. യുകെയിലെ മലയാളി സമൂഹത്തിന്റെ ഏകോപനത്തിനും വളര്‍ന്നു വരുന്ന യുവതലമുറയെ കേരളീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വാര്‍ത്തെടുക്കുന്നതിലും യുക്മ വഹിക്കുന്ന പങ്കിന് ഇരുവരും നന്ദി പറഞ്ഞു.
© Copyright 2024. All Rights Reserved