ആഗസ്റ്റ് 31 ശനിയാഴ്ച്‌ച സൗത്ത് യോർക്ഷെയറിലെ ഷെഫീൽഡിനു സമീപം റോഥർഹാം മാൻവേഴ്‌സ് തടാകത്തിൽ നടക്കുന്ന "യുക്മ ടിഫിൻ ബോക്‌സ് - കേരളാ പൂരം 2024" മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളിൽ സ്റ്റേജിൽ ലൈവ് കലാപരിപാടികൾ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്.
-------------------aud--------------------------------
വള്ളംകളി കാണുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേൽക്കാൻ അതിമനോഹരമായ മാൻവേഴ്‌സ് തടാകവും പരിസരങ്ങളും പൂർണ്ണ തോതിൽ സരമായിരിക്കും. "യുക്‌മ ടിഫിൻ ബോക്‌സ് - കേരളാ പൂരം 2024" വള്ളംകളി മഹോത്സവത്തിൽ അരങ്ങ് തകർക്കാൻ മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഫ്ലാഷ് മോബ് എന്നിവയിൽ പങ്കെടുക്കാൻ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി കലാതാരങ്ങളാണ് അണിചേരുവാൻ പോകുന്നത്, കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി ഈ ഡാൻസ് പ്രോഗ്രാമുകൾക്ക് നേതൃത്യം നൽകിയ യുക്‌മ ദേശീയ വൈസ് പ്രസിഡൻ്റ് ബീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്യത്തിലാണ് ഇത്തവണയും ഇവ അണിഞ്ഞൊരുങ്ങുന്നത്.
2019ൽ നടന്ന മൂന്നാമത് വള്ളംകളിയോട് അനുബന്ധിച്ച് യുക്‌മ ദേശീയ ഭാരവാഹികളായിരുന്ന ലിറ്റി ജിജോയുടെയും സെലീന സജീവിന്റെയും നേതൃത്വത്തിൽ മുന്നൂറിലധികം വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തപ്പെട്ട മെഗാതിരുവാതിര വൻവിജയമായിരുന്നു. കേരള തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര കേരളാപൂരത്തിൻ്റെ ഏറ്റവും ആകർഷണീയമായ സാംസ്കാരിക പരിപാടിയായി മാറിയിട്ടുണ്ട്. അതിൽ പങ്കെടുത്തവരും പുതിയതായി യു.കെയിൽ എത്തിച്ചേർന്നവരുമായ യുകെ മലയാളി വനിതകളെ ചേർത്ത് 2022ൽ സംഘടിപ്പിച്ച ഫ്യൂഷൻ ഡാൻസിനും വലിയ ആവേശം സൃഷ്ടിക്കാനായി. 2023ൽ മെഗാതിരുവാതിരയ്ക്കും മെഗാഫ്യൂഷൻ ഡാൻസിനുമൊപ്പം ഫ്ലാഷ് മോബും ഓണക്കാലത്ത് പൂരനഗരിയെ ആവേശത്തിലാറാടിക്കുന്ന പുലികളിയും കൂടി സംഘടിപ്പിച്ചിരുന്നു. മെഗാതിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഫ്ലാഷ് മോബ് എന്നിവയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കുന്നതാണ്. പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുന്ന എല്ലാവരും അന്നേ ദിവസം പതിനൊന്ന് മണിയോടെ മാൻവേഴ്‌സ് തടാകത്തിന് സമീപമുള്ള പുൽത്തകിടിയിൽ എത്തിച്ചേരേണ്ടതാണ്. യുക്‌മയുടെ എല്ലാ റീജിയണുകളിൽ നിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോർഡിനേഷൻ കമ്മറ്റിയും ഉണ്ടാവുന്നതാണ്.
മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഫ്ലാഷ് മോബ് എന്നിവയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുകളിൽ പറഞ്ഞിരിക്കുന്ന റീജിയണൽ കോർഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തിൽ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ (07868607496), നാഷണൽ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്
© Copyright 2024. All Rights Reserved