പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനവട്ടത്തിൽ. ബിഷപ്സ് ക്ളീവ് സ്കൂളിലെ കവിയൂർ പൊന്നമ്മ നഗറിൽ ആറു വേദികളാണ് ഇന്ന് സജ്ജമാകുന്നത്. യുക്മ ദേശീയ ഭാരവാഹികളും ആതിഥേയരായ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികളും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ ഭാരവാഹികളും അവസാനവട്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
-------------------aud--------------------------------
റീജിയണൽ കലാമേളകളിലെ ജനബാഹുല്യം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി ഇക്കുറി നടത്തിയിട്ടുള്ളത്. പതിവിന് വിപരീതമായി ഇക്കുറി ആറു വേദികളിലാകും മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ സമയക്രമ പട്ടിക ഇതിനകം തന്നെ പുറത്തിറക്കിയിരുന്നു. രാവിലെ എട്ടു മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കും.
ഇതിനായി വിവിധ റീജിയണൽ കമ്മിറ്റികളുടെ പ്രത്യേക കൗണ്ടറുകൾ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. രാവിലെ ഒൻപതര മണിക്ക് തന്നെ ആദ്യ മത്സരങ്ങൾ വേദികളിൽ നടക്കുമെന്ന് ദേശീയ സമിതി അറിയിച്ചു. തിരുവാതിര, മോഹിനിയാട്ടം ജൂനിയേഴ്സ്, മോഹിനിയാട്ടം സീനിയേഴ്സ്, മോഹിനിയാട്ടം സബ് ജൂനിയേഴ്സ്, സോളോ സോങ് ജൂനിയേഴ്സ്, സീനിയേഴ്സ് മലയാളം പ്രസംഗമത്സരം എന്നിവയാകും ആദ്യ മത്സരങ്ങളായി എത്തുക. ആദ്യ മത്സരങ്ങൾ കൃത്യ സമയത്ത് തന്നെ ആരംഭിക്കുന്നതിനായി റീജിയണുകൾ വഴി മത്സരാത്ഥികൾക്ക് നിർദ്ദേശങ്ങൾ നല്കിക്കഴിഞ്ഞതായി നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് അറിയിച്ചു.
മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ കലാമേളകൾ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു. നാല്പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, യു കെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന കലാ മാമാങ്കമാണ്. മത്സരാർത്ഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികൾ കൂടി എത്തിച്ചേരുമ്പോൾ കേരളത്തിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൻ്റെ പ്രതീതിയാണ് കലാമേള നഗറിൽ കാണാൻ കഴിയുക.
കലയേയും സംസ്കാരത്തേയും നെഞ്ചേറ്റുന്ന യു കെ മലയാളികളുടെ ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്ന പതിനഞ്ചാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അഭ്യർത്ഥിച്ചു.
© Copyright 2024. All Rights Reserved