15-ാംമത് യുക്‌മ ദേശിയ കലാമേളയുടെ മുന്നോടിയായി സൗത്ത് വെസ്റ്റ് റീജിണൽ കലാമേള 2024 ഒക്ടോബർ 26നു ശനിയാഴ്ച സാലിസ്ബറിയിൽ വെച്ച് നടത്തപെടുന്നു. സൗത്ത് വെസ്റ്റ് റീജിയണിലെ തന്നെ പ്രമുഖ അസ്സോസിയേഷനായ സാലിസ്ബറി മലയാളി അസോസിയേഷൻ കലാമേളയ്ക്ക് ഇക്കുറിയും ആതിഥേയത്വം വഹിക്കും.
-------------------aud--------------------------------
കലാമേളയുടെ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി റീജിയണൽ പ്രസിഡൻ്റ് സുജു ജോസഫ് അറിയിച്ചു. സാലിസ്‌ബറിയിലെ തന്നെ പ്രശസ്തമായ സൗത്ത് വിൽറ്റ്സ് ഗ്രാമർ സ്കൂളിലാണ് ഇക്കുറി കലാമേള അരങ്ങേറുന്നത്. കൂടുതൽ അസോസിയേഷനുകളും മത്സരാർത്ഥികളും ഇക്കുറിയും രംഗത്തെത്തുമെന്നാണ് റീജിയണൽ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. അതിനാൽ തന്നെ പതിവിലും വിപരീതമായി രാവിലെ എട്ടു മണിയോടെയാകും കലാമേളയ്ക്ക് തുടക്കം കുറിക്കുക.
എല്ലാ അംഗ അസോസിയേഷനുകളിലും കലാമേളയുടെ നിയമാവലികൾ എത്തിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും രജിസ്ട്രേഷൻ സംബന്ധിച്ച ലിങ്കുകൾ ഈയാഴ്ച്ച തന്നെ നൽകുമെന്നും റീജിണൽ സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു. റെജിസ്ട്രേഷനും എൻട്രിയും പൂർണമായും ഡിജിറ്റലൈസ് ചെയ്‌തത് കൊണ്ട് തന്നെ അംഗ അസോസിയേഷൻ ഭാരവാഹികൾക്ക് സമയബന്ധിതമായി തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് സുനിൽ ജോർജ്ജ് വ്യക്തമാക്കി. കലാമേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ട്രഷറർ രാജേഷ് രാജ് പറഞ്ഞു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്‌മയുടെ നാഷണൽ, റീജിണൽ,കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാല പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാമേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും 2024 ഒക്ടോബർ 26നു ശനിയാഴ്ച്ച സാലിസ്ബറിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസും സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ജോണും രക്ഷാധികാരി ജോസ് കെ ആൻ്റണിയും അറിയിച്ചു.
© Copyright 2024. All Rights Reserved