കീവ് തലസ്ഥഥാനമായ കീവ് അടക്കം യുക്രെയ്‌നിലെ പ്രധാനനഗരങ്ങളിൽ റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു. 70 പേർക്കു പരുക്കേറ്റു. റഷ്യൻ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹർകീവിൽ 30 പാർപ്പിടസമുച്ചയങ്ങൾ തകർന്നു. കീവിൽ 3 ജില്ലകളിൽ സ്ഫോടനങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു. റഷ്യയുടെ 41 മിസൈലുകളിൽ 21 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
കീവ് നഗരത്തിനു മുകളിൽ മാത്രം 20 മിസൈലുകളെ തടുത്തു. ഇരുരാജ്യത്തും കടുത്ത മഞ്ഞുകാലമായതിനാൽ യുദ്ധമുഖത്തു കാര്യമായ സൈനികനീക്കമില്ലാതെ തുടരുമ്പോഴാണ് റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയത്.
യുക്രെയ്നിൽ റഷ്യൻ സേന ഉത്തര കൊറിയയിൽനിന്നുള്ള മിസൈലുകളും ഉപയോഗിച്ചുതുടങ്ങിയതായി റിപ്പോർട്ടുണ്ട്. അതിനിടെ, പണമില്ലാത്തതിനാൽ യുക്രെയ്‌നിന് ആയുധവിതരണം നിർത്തിവച്ച യുഎസ്, സഖ്യകക്ഷികളുടെ സഹായം തേടി. യുക്രെയ്നിനു കൂടുതൽ പണം അനുവദിക്കാനുള്ള ശുപാർശ യുഎസ് കോൺഗ്രസ് പാസാക്കും വരെ സഖ്യരാജ്യങ്ങളോട് ആയുധവിതരണം നടത്താനാണ് ആവശ്യപ്പെടുന്നത്. 120 കോടി ഡോളറിന്റെ കൂടി ആയുധം വാങ്ങാനുള്ള സംയുക്‌ത കരാർ നാറ്റോ മേധാവി ജെൻസ് സ്‌റ്റോൽട്ടൻബർഗ് ഇന്നലെ ബ്രസൽസിൽ പ്രഖ്യാപിച്ചു.
© Copyright 2024. All Rights Reserved