മധ്യേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മധ്യേഷ്യയിലെ കത്തോലിക്കാവിശ്വാസികൾക്ക് എഴുതിയ കത്തിലാണു മാർപാപ്പ വിമർശനം കടുപ്പിച്ചത്.
-------------------aud--------------------------------
യുദ്ധം ഒരു പരാജയമാണ്. ആയുധങ്ങൾ ഭാവി കെട്ടിപ്പടുക്കുന്നില്ല, മറിച്ച് അതിനെ നശിപ്പിക്കുന്നു. അക്രമം ഒരിക്കലും സമാധാനം നൽകുന്നില്ല. ചരിത്രം ഇതു തെളിയിക്കുന്നു. എന്നിരുന്നാലും വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾ നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്ന് മാർപാപ്പ പറഞ്ഞു.
ഒരു വർഷമായി തുടരുന്ന സംഘർഷം പരിഹരിക്കുന്നതിൽ ലോകശക്തികളുടെ ‘ലജ്ജാകരമായ കഴിവില്ലായ്മ’യാണു പ്രകടമായതെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഞാൻ നിങ്ങളെക്കുറിച്ച് ഓർക്കാറും പ്രാർഥിക്കാറുമുണ്ട്. പ്രതികാരത്തിനുള്ള ആഗ്രഹത്തോടൊപ്പം പകയും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഏറ്റവും ആവശ്യമുള്ളതും ഏറ്റവും ആഗ്രഹിക്കുന്നതുമായ സംവാദവും സമാധാനവും എന്താണെന്ന് കുറച്ച് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്ന് അദേഹം കത്തിൽ പറയുന്നു.
നേരത്തെ,ഒരേസമയം ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന ആക്രമണം അധാർമികമാണെന്ന് കുറ്റപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയിരുന്നു. യുദ്ധത്തിന്റെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രയേൽ ഗാസയിലും ലബനനിലും ആക്രമണം നടത്തുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആരോപിച്ചു. പ്രതിരോധത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞ മാർപാപ്പ അടിയന്തര വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയ്ക്ക് മാനുഷിക സഹായം നൽകൽ എന്നിവയെപ്പറ്റിയും സംസാരിച്ചു. പ്രതിരോധം എല്ലായ്പോഴും ആക്രമണത്തിന് ‘ആനുപാതികമായിരിക്കണം’. യുദ്ധംതന്നെ അധാർമികമാണെങ്കിൽപ്പോലും ധാർമികതയെ സൂചിപ്പിക്കുന്ന ചില നിയമങ്ങൾ അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved