ഇന്ത്യയിൽ വോട്ടിങ് ശതമാനം കൂട്ടാനുള്ള ‘യു.എസ് എയ്ഡി’ന്റെ 21 ദശലക്ഷം അമേരിക്കൻ ഡോളർ ഫണ്ട് ‘ കൈക്കൂലി പദ്ധതിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ചത് അങ്ങേയറ്റം ആശങ്കജനകമാണെന്ന് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിലുള്ള വിദേശ കൈകടത്തലാണിതെന്നും കേന്ദ്ര സർക്കാർ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
-------------------aud--------------------------------
ഇതാദ്യമായാണ് ‘യു.എസ് എയ്ഡ്’ ഫണ്ടിങ് വിവാദത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫണ്ടിങ് ആരോപണം ട്രംപ് ആവർത്തിച്ചതിനിടെ ഇന്ത്യയിൽ വിവാദം കൊഴുത്തു. ബി.ജെ.പി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ വിദേശ ഫണ്ട് വാങ്ങിയത് കോൺഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് സർക്കാറുകൾക്കെതിരെ പ്രവർത്തിക്കാൻ വിദേശ ഫണ്ട് വാങ്ങിയത് ആർ.എസ്.എസും ബി.ജെ.പിയുമാണെന്നാണ് കോൺഗ്രസ് ആരോപണം. വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിൽ കോൺഗ്രസ് സർക്കാറുകളെ അസ്ഥിരപ്പെടുത്താൻ ആർ.എസ്.എസ്.എസും ബി.ജെ.പിയും ചെയ്ത പാപങ്ങൾ മറച്ചുവെക്കാനുള്ള വിവാദം മാത്രമാണ് 21 ദശലക്ഷം ഡോളർ യു.എസ് എയ്ഡിന്റെ കഥയെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ബോധവത്കരിക്കാനുള്ള 21 ദശലക്ഷം ഡോളർ ഇന്ത്യയിലേക്ക് വന്നിട്ടില്ലെന്നും ബംഗ്ലാദേശിലേക്കാണ് പോയതെന്നുമുള്ള മാധ്യമ റിപ്പോർട്ടും അവർ ഉദ്ധരിച്ചു.
© Copyright 2025. All Rights Reserved