ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ തൽസ്ഥാനത്ത് നീക്കം ചെയ്യണമെന്ന് ഒമ്പത് അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ സർക്കാരിനോടാവശ്യപ്പെട്ടു. പതിനഞ്ച് അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളിൽ ഒമ്പത് പേരാണ് അന്താരാഷ്ട്ര ചലച്ചിത്രോൽസവം നടക്കുന്ന സമയത്ത് തന്നെ സമാന്തര യോഗം ചേർന്നത്. കുക്കുപരമേശ്വരൻ, നടൻ ജോബി, നിർമാതാവ് മമ്മി സെഞ്ച്വറി എന്നിവരുൾപ്പെടെയുള്ളവരാണ് സമാന്തര യോഗം ചേർന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.
രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇനി നിലനിർത്തരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങൾ നടത്തിക്കൊണ്ടുപോവുകയാണ് രഞ്ജിത്ത്. ആരെയും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് ചെയർമാൻ പ്രവർത്തിക്കുന്നതെന്നും ജനറൽ കൗൺസിൽ അംഗങ്ങൾ ആരോപിച്ചു.ചെയർമാനായ രഞ്ജിത്തിന്റെ തൊട്ടടുത്ത മുറിയിലാണ് സമാന്തര യോഗം ചേർന്നത്. സി പി എം ഇടതു കേന്ദ്രങ്ങളിൽ നിന്ന് തന്നെ രഞ്ജിത്തിനെതിരെ പല എതിർപ്പുകളും ഉയർന്നിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രമുഖ സംവിധായകൻ ഡോ. ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങൾ വലിയ വിവാദം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് സാസംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഇടപെടുകയും താൻ ഇക്കാര്യത്തെക്കുറിച്ച് രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് പതിനഞ്ചംഗ അക്കാദമി ജനറൽ കൗൺസിലിലെ ഒമ്പത് അംഗങ്ങൾ സമാന്തര യോഗം ചേർന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.
© Copyright 2024. All Rights Reserved