രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥയെ നയിക്കേണ്ട അവസ്ഥയാണെന്ന് ചാൻസലർ റേച്ചൽ റീവ്‌സ് അവകാശപ്പെട്ടിരുന്നു. എന്നാൽ സ്ഥിതി അത്രയൊന്നും മോശമല്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുടെ പക്ഷം.
മെയിലിന് നൽകിയ അഭിമുഖത്തിലാണ് പണപ്പെരുപ്പം കുറഞ്ഞ നിലയിലെത്തിയത് നല്ല വാർത്തയാണെന്നും, ശുഭാപ്തിവിശ്വാസത്തിന് കാരണമുണ്ടെന്നും ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി.
-------------------aud--------------------------------
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പലിശ നിരക്കുകൾ കുറച്ചതിന് ശേഷമാണ് കേന്ദ്ര ബാങ്ക് ഗവർണർ പ്രതികരണവുമായി രംഗത്തെത്തുന്നത്. ഒക്ടോബറിലെ ആദ്യ ബജറ്റിൽ നികുതികൾ ഉയർത്താനുള്ള വഴിയൊരുക്കാനാണ് സമ്പദ് വ്യവസ്ഥയെ കുറിച്ച് ചാൻസലർ റീവ്‌സ് മോശം ചിത്രം വരച്ചിടുന്നതിന് പിന്നിലെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ ജീവനക്കാർക്ക് 6 ശതമാനം വരെയുള്ള ശമ്പളവർദ്ധനയ്ക്കായി 10 ബില്ല്യൺ പൗണ്ട് കണ്ടെത്തണമെന്നതാണ് കുറവായി പറയുന്ന 22 ബില്ല്യണിന്റെ പകുതിയെന്നും ഇവർ പറയുന്നു.
റീവ്‌സിന്റെ ആരോപണങ്ങളിൽ മറുപടി പറഞ്ഞ് രാഷ്ട്രീയം പറയാനില്ലെന്ന് വ്യക്തമാക്കിയ ബാങ്ക് ഗവർണർ കൂടുതൽ ശുഭസൂചകമാണ് കാര്യങ്ങളെന്ന് വ്യക്തമാക്കി. 'നല്ല വാർത്തകളുണ്ട്, ശുഭാപ്തി വിശ്വാസത്തിന് കാരണങ്ങളുണ്ട്. പണപ്പെരുപ്പം 11 ശതമാനത്തിലേക്ക് പോയ ശേഷം ഇപ്പോൾ ലക്ഷ്യമിട്ട 2 ശതമാനത്തിലാണ്. ആളുകൾക്കും, ബിസിനസ്സുകൾക്കും ആശങ്ക അകറ്റാനുള്ള പ്രതീക്ഷയാണ് നൽകേണ്ടത്. അതാണ് നമ്മുടെ ജോലി', ബെയ്‌ലി പറഞ്ഞു.
© Copyright 2024. All Rights Reserved