ഡീപ്ഫേക്ക് വീഡിയോയോയുടെ ഇരയായി ബോളിവുഡ് താരം നോറ ഫത്തേഹി. ക്ലോത്തിങ് ബ്രാൻഡിന്റെ പരസ്യമാണ് നടിയുടെ മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഞെട്ടിപോയി എന്നും ഇത് താൻ അല്ല എന്നും നോറ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ വ്യക്തമാക്കി.
വീഡിയോയിൽ നോറ ഫത്തേഹിയുടെ എഐ രൂപം ഫാഷൻ ബ്രാൻഡിന്റെ സീസൺ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. നടി ഇക്കാര്യം വിളിച്ചു പറഞ്ഞിട്ടും ബ്രാൻഡ് പരസ്യം പിൻവലിച്ചിട്ടില്ല. ബ്രാൻഡ് ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസമാണ് രശ്‌മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായത്. വീഡിയോ നിർമിച്ച ആളാണ് അറസ്റ്റിലായിരിക്കുന്നത്. ആന്ധ്രാപ്രദേശത്തിൽ നിന്ന് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലാണ് രശ്മികളുടെ ഡീപ്ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവം വിവാദമായതോടെ ഡൽഹി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേൽ എന്ന യുവതിയുടേതാണ് യഥാർത്ഥ വീഡിയോ. എഐ ഡീപ് ഫേക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കാജോൾ, ഐശ്വര്യ റായ്, ആലിയ ഭട്ട് തുടങ്ങിയ സെലിബ്രിറ്റികളും ഡീപ് ഫേക്കിന് ഇരയായിരുന്നു.
© Copyright 2023. All Rights Reserved