രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഇന്ത്യൻ പീനൽകോഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവിൽ വന്നത്.. പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്രത്തിന് ശേഷം ആദ്യമായി ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം പൂർണമായി സ്വദേശവൽക്കരിച്ചിരിക്കുകയാണ്. അർദ്ധ രാത്രി മുതൽ നിയമം നടപ്പാക്കിത്തുടങ്ങി. ഇനി മുതൽ ക്രിമിനൽ നിയമങ്ങൾ ബിഎൻഎസ്, ബിഎൻഎസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. പുതിയ നിയമത്തിലൂടെ വേഗത്തിൽ നീതി നടപ്പാകാനാകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾക്കാണ് പ്രഥമ പരിഗണന. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേഗത്തിൽ വിചരണയും നീതി ലഭ്യമാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.
-------------------aud--------------------------------
പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയോറിലാണ്. മോട്ടർ സൈക്കിൾ മോഷണ കേസ് ആണിത്. ദില്ലിയിലാണ് ആദ്യ കേസ് എന്നത് തെറ്റാണ്. ഇരകളുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും. ചർച്ചയില്ലാതെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നിയമം നടപ്പാക്കിയതെന്ന പ്രതിപക്ഷ വിമർശനത്തിന് അമിത് ഷാ മറുപടി നൽകി. ലോക്സഭയിലും രാജ്യസഭയിലും നീണ്ട ചർച്ച നടത്തിയാണ് നിയമം നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രിമാരുടെയും, എംപിമാരുടെയും എല്ലാം നിർദേശങ്ങൾ പരിഗണിച്ചാണ് നിയമം തയാറാക്കിയത്. പ്രതിപക്ഷം ഇതിന് രാഷ്ട്രീയ നിറം നൽകരുത്. എല്ലാവരും നിയമത്തോട് സഹകരിക്കണം. എല്ലാ ചർച്ചയ്ക്കും തയാറാണ്. ഇത്രയും നീണ്ട ചർച്ച നടത്തി. 4 വർഷം കൂടിയാലോചനകൾ നടന്നു. ഈ നിയമം പൂർണമായി നടപ്പാക്കിയതിന് ശേഷം ഏത് വ്യക്തിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം 3 വർഷത്തിനകം സുപ്രീം കോടതിയിൽ നിന്ന് വരെ നീതി ലഭ്യമാകുമെന്നും നിയമം പൂർണമായി നടപ്പാക്കാൻ 3 മുതൽ 4 വർഷം വരെ എടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.
പുതിയ നിയമമനുസരിച്ച് ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസർ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തിൽ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ട് നൽകുകയും വേണമെന്നും പുതിയ നിയമത്തിൽ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ പുതിയ അധ്യായം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമത്തിൽ പറയുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവക്കാണ് പുതിയ നിയമത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്.
ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും. അതേസമയം ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയിൽ 150 ആം വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
33 കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷയും 83 കുറ്റങ്ങൾക്ക് പിഴയും വർധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർത്തു. 23 കുറ്റങ്ങൾക്ക് നിർബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങൾക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേർത്തു.
© Copyright 2024. All Rights Reserved