രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലെ എല്ലാ സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഭരണകക്ഷിയായ എൻഡിഎക്ക് രാജ്യസഭയിൽ ഭൂരിപക്ഷമായി.
-------------------aud--------------------------------
ഉപതെരഞ്ഞെടുപ്പിൽ ഒമ്പത് ബിജെപി അംഗങ്ങളെയും സഖ്യകക്ഷികളിൽ നിന്ന് രണ്ട് പേരെയുമാണ് എതിരില്ലാതെ വിജയിപ്പിച്ച് എടുത്തത്. ഇവർ തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 96 ആയി ഉയർന്നു. 112 ആണ് എൻഡിഎ മുന്നണിയുടെ അംഗബലം. ഇതുകൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും മോദി സർക്കാരിനുണ്ട്. ഇതെല്ലാം ചേർക്കുമ്പോൾ ഭരണമുന്നണിയുടെ കരുത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 119 ലെത്തും. ഒരു കോൺഗ്രസ് അംഗം കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിലെ ഇന്ത്യ മുന്നണിയുടെ അംഗസഖ്യ 85 ആയി ഉയർന്നു.
രാജ്യസഭയിൽ ആകെ 245 സീറ്റുകളാണുള്ളത്. ഇതിൽ ജമ്മു കാശ്മീരിൽ നിന്ന് നാലും നോമിനേറ്റഡ് അംഗങ്ങൾക്കുള്ള നാലും സീറ്റുകൾ അടക്കം എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് കുറച്ചാൽ രാജ്യസഭയിലെ നിലവിലെ അംഗബലം 237 ആണ്. ഇതനുസരിച്ച് കേവല ഭൂരിപക്ഷം 119 സീറ്റ്. ഭൂരിപക്ഷം നേടിയതോടെ രാജ്യസഭയിൽ നിഷ്പ്രയാസം ബില്ലുകൾ പാസാക്കി എടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കും. ഒരു ദശാബ്ദത്തിന് ശേഷമാണ് എൻഡിഎയ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കുന്നത്. നേരത്തെ ലോക്‌സഭയിൽ ബില്ല് പാസ്സാക്കിയാലും രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ പുറത്തുനിന്നുള്ള പാർട്ടികളുടെ സഹായം ബിജെപി തേടിയിരുന്നു. അസമിൽ നിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറിൽ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയിൽ നിന്ന് കിരൺ ചാധരി, മധ്യപ്രദേശിൽ നിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയിൽ നിന്ന് ധിര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്ന് മമത മൊഹന്ത, രാജസ്ഥാനിൽ നിന്ന് രവ്നീത് സിംഗ് ബിട്ടു, ത്രിപുരയിൽ നിന്നുള്ള രാജീവ് ഭട്ടാചാരി എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ അഭിഷേക് മനു സിങ്വി തെലങ്കാനയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്ന് എൻസിപി അജിത് പവാർ വിഭാഗത്തിന്റെ നിതിൻ പാട്ടീലും ബിഹാറിൽ നിന്ന് ആർഎൽഎമ്മിന്റെ ഉപദേന്ദ്ര കുശ്വാഹയും തിരഞ്ഞെടുക്കപ്പെട്ടു.
© Copyright 2023. All Rights Reserved