രാമ ക്ഷേത്ര ഉദ്ഘാടനചടങ്ങ് വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ചില വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പോകണോ വേണ്ടയോ എന്നത് ക്ഷണിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനമെടുക്കുമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസിന് നാല് നേതാക്കൾക്ക് ക്ഷണമുണ്ട്. ഇവർ ചടങ്ങിൾ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.
രാമക്ഷേത്രത്തെ രാഷ്ട്രീയമായി കാണുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നാണ് ശശി തരൂരിന്റെ പക്ഷം. ജനങ്ങൾക്ക് ഇതിനെ ഒരു ഭക്തിയുടേയും വിശ്വാസത്തിന്റേയും വിഷയമായി കണ്ട് ചടങ്ങിൽ പങ്കെടുക്കാൻ തോന്നിയാൽ ആരും അതിനെ തെറ്റായി കാണുന്നില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് അറിയാൻ അൽപം കൂടി കാത്തിരിക്കേണ്ടിവരുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് പറയാത്ത കോൺഗ്രസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ശശി തരൂരിന്റെ പ്രതികരണം. നിലപാട് പറയാനാകാതെ കോൺഗ്രസ് വെട്ടിലാകുകയാണെന്ന് പരക്കെ നിരീക്ഷണമുണ്ട്. കൃത്യമായി നിലപാടെടുക്കാൻ ആർജവം കാണിക്കുന്ന സീതാറാം യെച്ചൂരിയെ സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് സമസ്ത തങ്ങളുടെ മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെ വിമർശിച്ചിരുന്നു.
© Copyright 2023. All Rights Reserved