ശിശുക്ഷേമ സമിതി ആസ്ഥാനത്തു രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതിയും മെനക്കെടാറില്ല. ദിവസവേതനക്കാരാണ് ഇവർ. അച്ചടക്കനടപടിയൊന്നും കാര്യമായി ഉണ്ടാകാറില്ല. കുട്ടികളോടു മോശമായ പെരുമാറിയതിന് നേരത്തെ ഒരു ആയയെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നു.
-------------------aud--------------------------------
ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇടതുയൂണിയൻ നേതാവിന്റെ ഭാര്യയായിരുന്നു ഇവർ. കുട്ടികളോടു മോശം വാക്കുകൾ ഉപയോഗിച്ചതിനായിരുന്നു നടപടി. എന്നാൽ സമ്മർദങ്ങൾ വന്നപ്പോൾ ഒരു മാസത്തിനകം ഇവരെ തിരികെ നിയമിക്കാൻ ഭരണസമിതി നിർബന്ധിതമായി. കുട്ടികളെ ഉപദ്രവിച്ചതിനാണു മറ്റു 2 പേർക്കെതിരെ നടപടിയെടുത്തത്. മികച്ച ആയമാർക്കുള്ള പുരസ്കാരം ലഭിച്ച 4 ആയമാരെ തൊട്ടടുത്ത ദിവസം പിരിച്ചുവിടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടികളെ ഉപദ്രവിച്ച സംഭവം പുറത്തറിഞ്ഞതോടെയായിരുന്നു നടപടി. സമിതിയുടെ പ്രസിഡന്റ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്ഥാപനത്തിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണ്. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതിയായ വി.അജികുമാറിനെ ശിശു ക്ഷേമസമിതി സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയായി അടുത്തിടെയാണു തിരഞ്ഞെടുത്ത്. പാർട്ടി സമ്മേളനത്തിൽ അജി കുമാറിനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ബാലസംഘം പഠന ക്യാംപിൽ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി തന്നെ സ്ഥിരീകരിച്ചയാൾ പോലും ഭരണസമിതിയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും ഭരണസമിതി അംഗത്തിനെതിരെ നടപടിയുണ്ടായില്ല.
കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടരവയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിച്ച സംഭവത്തിൽ തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ താൽക്കാലിക ആയമാരായ പോത്തൻകോട് അണ്ടൂർക്കോണം സ്വദേശി എ.കെ.അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂർ സ്വദേശി സിന്ധു (47) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അജിതയാണു കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ നുള്ളി പരുക്കേൽപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മഹേശ്വരിയും സിന്ധുവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവേൽപിച്ചു. പ്രതികൾക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കേസെടുത്തു.
© Copyright 2024. All Rights Reserved