സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയാണ് രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിലുണ്ടായത്. ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകൻ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. ഇത്രയും പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തിൽ ആദ്യമാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്.
2021 ഡിസംബർ 19നാണ് രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബർ 18ന് രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികൾ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എൻ ആർ ജയരാജാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകൾ ഹാജരാക്കി. വിരലടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയവ ഹാജരാക്കി. 15 പ്രതികളിൽ 8 പേരാണ് രൺജിത്തിനെ വീട്ടിൽ കയറി വെട്ടിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 9 മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നതിനാൽ അവരും കൊലപാതകക്കുറ്റ ശിക്ഷയ്ക്ക് അർഹരാണെന്ന് കോടതി വിലയിരുത്തി. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതു കൊണ്ടാണ് ഇവർക്കും വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. 15 പ്രതികൾക്കുമെതിരെ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എല്ലാത്തിനും സാക്ഷിയായ അമ്മയ്ക്കും ഭാര്യയ്ക്കുമുണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷൻ വാദിച്ചത് ...
അതേസമയം പ്രതികൾ ദയ അർഹിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്. 15ൽ 14 പ്രതികളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരാൾ രോഗബാധിതനായി ആശുപത്രിയിലായതിനാൽ വന്നില്ല. കോടതി വിധിയിൽ സംതൃപ്തരെന്ന് രൺജീത് ശ്രീനിവാസിൻറെ കുടുംബം പ്രതികരിച്ചു. നഷ്ടം വളരെ വലുതാണ്. എന്നാൽ കോടതി വിധിയിൽ ആശ്വാസമുണ്ട്. കേസ് അന്വേഷണ സംഘത്തോടും പ്രോസിക്യൂട്ടറോടും നന്ദി അറിയിക്കുന്നുവെന്നും രൺജീതിൻറെ ഭാര്യ ലിഷ പറഞ്ഞു. പൊലീസിന് വലിയ നേട്ടമാണ് വിധിയെന്ന്
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രതികരിച്ചു. വിധി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved