റഫയിൽ ശക്തമായ ആക്രമണവുമായി ഇസ്രായേൽ മുന്നോട്ടു പോവുന്നതിനിടെ കടുത്ത നടപടിക്കൊരുങ്ങി യു.കെ. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് യു.കെ ഒരുങ്ങുന്നത്. ഗസ്സയിലെ മാനുഷിക ജീവിതം കൂടുതൽ ദുരിതപൂർണമാവുന്നതിനിടെ കടുത്ത നടപടിയെടുക്കാൻ ബ്രിട്ടന് മേൽ സമ്മർദം ഏറുന്നതിനിടെയാണ് കയറ്റുമതി ലൈസൻസ് റദ്ദാക്കാനുള്ള നീക്കം.
എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് യു.കെയിൽ നിന്നുള്ള മന്ത്രിമാരെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചുവെന്ന വ്യക്തമായാൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. റഫയിലെ കരയാക്രമണത്തിൽ നിന്നും ഇസ്രായേൽ പിൻവാങ്ങണമെന്നാണ് യു.കെയുടെ നിലപാട്. ഇതിനായി മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഇസ്രായേലിന് മേൽ യു.കെ സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ട്. 2022ൽ 114 സ്റ്റാൻഡേർഡ് ആയുധ ലൈസൻസുകളാണ് ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യാൻ നൽകിയത്. ഏകദേശം 42 മില്യൺ പൗണ്ട് മൂല്യമുള്ളതാണ് ഈ ലൈസൻസുകൾ.
ഗസ്സക്കുമേലുള്ള ആക്രമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേൽ ഭരണകൂടം ആവർത്തിച്ചിരുന്നു. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാൻ്റ്സ് പറഞ്ഞു. അതേസമയം നാല് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ് അവകാശപ്പെട്ടു. ഐക്യരാഷ്ട്ര സഭയിൽ വെടിനിർത്തൽ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്‌ത് തോൽപിച്ച അമേരിക്കക്കെതിരെ വലിയ വിമർശനമാണ് ലോക രാജ്യങ്ങൾക്കിടയിൽ നിന്നുണ്ടാവുന്നത്. ഗസ്സയിൽ വെടിനിർത്തലാവശ്യപ്പെടുന്ന പ്രമേയം ഇത് മൂന്നാം തവണയാണ് അമേരിക്ക വീറ്റോ ചെയ്‌ത് പരാജയപ്പെടുത്തുന്നത്. 15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്തത്. ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved