റഷ്യക്കെതിരായ യുദ്ധം രണ്ട് വർഷമായി തുടരുന്നതിനിടെ ഇനിയും അഞ്ചുലക്ഷം പട്ടാളക്കാരെ കൂടി ലഭ്യമാക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടതായി യുക്രയ്ൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞു. എന്നാൽ ആവശ്യം താൻ തള്ളുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കിയവിൽ വിദേശമാധ്യമങ്ങളടക്കം പങ്കെടുത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വളരെ ഗുരുതരമായ ഒരു സംഖ്യയാണ്. ജനപ്രീതിയില്ലാത്ത ഈ നിർദ്ദേശം യുക്രേനിയക്കാർക്കിടയിൽ മോശം അഭിപ്രായം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള യുദ്ധം അടുത്ത വർഷം അവസാനിക്കുമോ എന്ന ചോദ്യത്തിന് എന്നാണ് ഇത് അവസാനിക്കുകയെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ റഷ്യ- യുക്രയ്ൻ യുദ്ധം രണ്ടാം വാർഷികത്തോട് അടുക്കുകയാണ്.കൂടുതൽ സൈന്യത്തെ അനുവദിക്കും മുമ്പ് കൂടുതൽ വാദങ്ങൾ കേൾക്കണമെന്ന് സെലെൻസ്കി പറഞ്ഞു. അതിനിടെ, യു.എസുമായി നല്ല ബന്ധമാണെന്നും വാഷിംഗ്‌ടൺ സഹായം തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ യു.എസ് സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കൾ വർഷാവസാനത്തിന് മുമ്പ് യുക്രെയ്‌നിനുള്ള പുതിയ സഹായം അംഗീകരിക്കാൻ വാഷിംഗ്‌ടണിന് കഴിയില്ലെന്ന് പറഞ്ഞു. അതിനിടെ, സെലെൻസ്‌കിയുടെ പ്രതിച്ഛായ ഇടിഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
© Copyright 2025. All Rights Reserved