റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി വൈകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലേക്ക് റഷ്യൻ സോക്കോൾ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് പേയ്‌മെന്റ് പ്രശ്‌നങ്ങൾ കാരണം വൈകുന്നുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറായ ഐ ഒ സി റഷ്യയിൽ നിന്നുള്ള ഇടപാട് കുറയ്ക്കുകയും തങ്ങളുടെ പരമ്പരാഗത പങ്കാളികളായ അറബ് രാജ്യങ്ങളിൽ നിന്നും കൂടുതൽ എണ്ണ വാങ്ങിക്കുകയും ചെയ്തുവെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നു. പേയ്മെന്റിനായി ചൈനീസ് യുവാൻ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ രംഗത്ത് എത്തിയതിന് തുടർന്ന് ഇന്ത്യൻ സ്റ്റേറ്റ് റിഫൈനർമാർ റഷ്യയുമായുള്ള എണ്ണ വ്യാപാരം യു എ ഇ ദിർഹത്തിൽ തീർപ്പാക്കിയിരുന്നു. എന്നാൽ ഇതരമാർഗങ്ങളുടെ അഭാവം മൂലം സ്വകാര്യ റിഫൈനർമാർ ഇപ്പോഴും യുവാനാണ് ഇടപാടുകൾ തീർക്കാനായി നൽകുന്നത്.
ദിർഹത്തിൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് യു എ ഇയിലെ ഒരു ബാങ്കിൽ സഖാലിൻ -1 എൽഎൽസിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിനാൽ സോക്കോൾ ഓയിലിനുള്ള ഐ ഒ സിയുടെ പേയ്‌മെന്റുകൾ തടസ്സപ്പെടുകയായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ തയ്യാറാകത്ത രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പ്രതികരിക്കാനുള്ള അഭ്യർത്ഥനകളോട് ഐഒസിയുടെയും റോസ്നെഫ്റ്റിന്റെയും പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചില്ല. നവംബർ അവസാനം മുതൽ ഡിസംബർ വരെ ഐഒസിക്ക് ആറ് സോക്കോൾ കാർഗോകൾ ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നത്. യുഎസ് ഉപരോധം നേരിട്ട എൻസ് സെഞ്ച്വറി ഷിപ്പ് ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.ചരക്കുകൾ ഇപ്പോൾ കൂടുതലും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ചുറ്റും സഞ്ചരിക്കുകയാണെന്നും ഡാറ്റ കാണിക്കുന്നു. "സപ്ലയർക്ക് ക്രൂഡ് ഓയിൽ എത്തിക്കാനുള്ള ഉദ്ദേശ്യമുണ്ട്. ഉടൻ തന്നെ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു," റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം കടൽ വഴി റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. എല്ലാ ഇന്ത്യൻ ബാങ്കുകൾക്കും റഷ്യൻ എണ്ണയ്ക്ക് യുഎസ് ഡോളറിൽ പണമടയ്ക്കാൻ സാധിക്കാത്തതിനാൽ പൊതുമേഖല എണ്ണക്കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പണം നൽകുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കേന്ദ്ര സർക്കാറും വ്യക്തമാക്കി. പാശ്ചാത്യ ഉപരോധങ്ങൾ , ഇൻഷുറൻസ്, പേയ്‌മെന്റുകൾ എന്നിവ ക്രമീകരിക്കുന്നതിൽ വെല്ലുവിളികൾ ഉയർത്തുന്നതിനാൽ ഇന്ത്യൻ റിഫൈനർമാർ റഷ്യൻ എണ്ണ ഡെലിവറി അടിസ്ഥാനത്തിലാണ് വാങ്ങുന്നത്. അസംസ്‌കൃത എണ്ണയുൾപ്പെടെയുള്ള ഇറക്കുമതിക്ക് രൂപയിൽ പണം നൽകാനുള്ള സംവിധാനം ഇന്ത്യ കഴിഞ്ഞ വർഷമാണ് രൂപീകരിച്ചത്. എന്നാൽ ഫണ്ടുകൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഫണ്ടുകളുടെ പരിവർത്തനവുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകളെക്കുറിച്ചും വിനിമയ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും വിതരണക്കാർ ആശങ്ക പ്രകടിപ്പിച്ചതായും മന്ത്രാലയം നേരത്തെ പാർലമെന്ററി പാനലിനോട് വ്യക്തമാക്കിയിരുന്നു. രൂപയിൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് അധിക ഇടപാട് ചെലവ് വഹിക്കാൻ വിതരണക്കാർ ഐഒസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ തുറമുഖങ്ങളിലെ എണ്ണയ്ക്ക് ജി7 രാജ്യങ്ങൾ ചുമത്തിയ ബാരലിന് 60 ഡോളർ വില പരിധി ഇന്ത്യൻ റിഫൈനർമാർ പാലിക്കുന്നുണ്ടെന്നും മന്ത്രാലയം പാനലിനെ അറിയിച്ചു.
© Copyright 2024. All Rights Reserved