ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മറ്റന്നാൾ റാഞ്ചിയിൽ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പുതുമുഖ പേസർ അരങ്ങേറുമെന്ന് റിപ്പോർട്ട്. മുഹമ്മദ് സിറാജിനൊപ്പം ന്യൂബോൾ പങ്കിടാൻ ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ പേസറായ ആകാശ് ദീപ് എത്തുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആകാശ് ദീപ് കളിച്ചാൽ ഈ പരമ്പരയിൽ അരങ്ങേറുന്ന നാലാമത്തെ താരമാകും. നേരത്തെ സർഫറാസ് ഖാൻ, രജത് പാടീദാർ, ധ്രുവ് ജുറെൽ എന്നിവർ ടെസ്റ്റ് പരമ്പരയിൽ ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞിരുന്നു. നാലാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം നൽകിയതിന് പിന്നാലെ മൂന്നാം ടെസ്റ്റിൽ ടീമിൽ നിന്നൊഴിവാക്കിയ പേസർ മുകേഷ് കുമാറിന സെലക്ടർമാർ വീണ്ടും ടീമിലെടുത്തിരുന്നു. ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയതിന് പിന്നാലെ ബിഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ച മുകേഷ് കുമാറാകട്ടെ 10 വിക്കറ്റ് പ്രകടനവുമായി കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യൻ ടീമിലെത്തിയത്. എങ്കിലും കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലായി ടീമിലുള്ള ആകാശ് ദീപിന് തന്നെയായിരിക്കും റാഞ്ചിയിൽ അരങ്ങേറ്റത്തിന് അവസരം ലഭിക്കുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിൻറെ പ്രടകനമാണ് ബംഗാൾ പേസർക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നൽകിയത്. കരിയറിൽ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 104 വിക്കറ്റുകളാണ് ആകാശ് ദീപ് വീഴ്ത്തിയത്. വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ ബൗളിംഗ് കുന്തമുനകളാണ് ആകാശും മുകേഷ് കുമാറും.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോൾ മുകേഷ് ആയിരുന്നു ജസ്പ്രീത് ബുമ്രക്കൊപ്പം ന്യൂബോൾ പങ്കിട്ടത്. മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്താനെ മുകേഷിനായുള്ളു.
© Copyright 2023. All Rights Reserved