റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് ശക്തികാന്ത ദാസ് വീണ്ടും തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അതേസമയം റിപ്പോർട്ട് സ്ഥിരീകരിച്ചാൽ 1960-കൾക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ആർബിഐ മേധാവിയായിരുന്ന ആളായി അദ്ദേഹം മാറും. 2018 ഡിസംബർ മുതൽ ആർബിഐയുടെ തലവനാണ് ശക്തികാന്ത ദാസ്. സമീപകാലങ്ങളായി കാണുന്ന അഞ്ച് വർഷത്തെ ടേം എന്ന കാലാവധി ഇതിനകം അദ്ദേഹം മറികടന്നിട്ടുണ്ട്. ശക്തികാന്ത ദാസിന്റെ നിലവിലെ കാലാവധി 2024 ഡിസംബർ 10-ന് അവസാനിക്കും. 1949 മുതൽ 1957 വരെ 7.5 വർഷം റിസർവ് ബാങ്ക് ഗവർണർ എന്ന പദവി വഹിച്ച ബെനഗൽ രാമ റാവുവാണ് ഏറ്റവും കൂടുതൽ കാലം ആർബിഐ ഗവർണറായി സേവനമനുഷ്ഠിച്ചത്.
-------------------aud--------------------------------
നിലവിൽ ആർബിഐ ഗവർണർ സ്ഥാനത്തേക്ക് മറ്റാരും ഇപ്പോൾ പരിഗണിക്കപ്പെടുന്നില്ല എന്നാണ് വിവരം. മാത്രമല്ല ഇതിനായി ഒരു സെലക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കാലാവധി നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കഴിയും വരെ നിയമനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ട്. ശക്തികാന്ത ദാസിന്റെ കാലാവധി സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരും ആർബിഐയും തമ്മിലുള്ള ബന്ധം വഷളായ ഒരു കാലഘട്ടത്തിലാണ് പരിചയസമ്പന്നനായ ബ്യൂറോക്രാറ്റായ ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി നിയമിതനായത്. ശക്തികാന്ത ദാസിന്റെ കാലത്ത് കൊവിഡ് സമയത്തെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിരവധി നിർണായക നയ തീരുമാനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും രൂപയെ സ്ഥിരപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ആർബിഐ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആർബിഐയും സർക്കാരും തമ്മിൽ സുസ്ഥിരമായ ബന്ധം നിലനിർത്താനുള്ള കഴിവാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതിന് പിന്നിലെ പ്രധാന ഘടകം എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ പണപ്പെരുപ്പ സമ്മർദങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം, സ്ഥിരമായ ഒരു ധനനയത്തിന്റെ ആവശ്യകത തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സമയത്ത് ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി തുടരുന്നത് നിർണായകമാകും.
© Copyright 2024. All Rights Reserved