ബ്രിട്ടന്റെ നല്ലൊരു ശതമാനം ഇടങ്ങളിലും ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ഫെബ്രുവരി തുടക്കം തന്നെ അസാധാരണമായ നിലയിലേക്കാണ് താപനില മാറുന്നത്. നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് എന്നിവിടങ്ങളിലേക്ക് മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള ആംബർ കാലാവസ്ഥാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ നിർദ്ദേശങ്ങൾ യുകെയിലെ നാല് നേഷനുകൾക്കുമായി പുറപ്പെടുവിച്ചിട്ടുണ്ട്.
യുകെയിലെ റോഡുകളിൽ മഞ്ഞ് ദുരിതം തീർക്കുമ്പോൾ യാത്രാ തടസ്സങ്ങൾ നേരിടുമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. മെറ്റ് ഓഫീസ് ഭൂപടം അനുസരിച്ച് ആർട്ടിക് മഴ നോർത്ത് മേഖലയിലാണ് സാരമായി പ്രഭാവം സൃഷ്ടിക്കുന്നത്. നോർത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ നിർദ്ദേശങ്ങൾ പ്രാബല്യത്തിലുള്ളത് .
പ്രാദേശിക സമൂഹങ്ങൾ തണുപ്പേറിയ കാലാവസ്ഥയിൽ ഒറ്റപ്പെടാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ഇന്ന് രാവിലെ മഴയും, മഞ്ഞും നോർത്ത് മേഖലകളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ഗ്ലാസ്‌ഗോയിലെ ന്യൂകാസിലിൽ മൂന്ന് ഡിഗ്രി വരെ താപനില താഴുമെന്നാണ് പ്രവചനം. അബെർദീനിൽ രണ്ട് ഡിഗ്രി വരെയായി താപനില കുറയും. സൗത്ത് മേഖലകളിലാകട്ടെ മേഘങ്ങൾ നിറഞ്ഞ അന്തരീക്ഷമാണ് രൂപപ്പെടുക. മഴ കൂടുതൽ സമയത്തേക്ക് നീണ്ടുനിൽക്കുകയും ചെയ്യും. യുകെയുടെ സൗത്ത് മേഖലകളിൽ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ലണ്ടനും, കാർഡിഫും ഈ മുന്നറിയിപ്പിൽ പെടും. അതേസമയം ചില ഭാഗങ്ങളിൽ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.
ഇംഗ്ലണ്ടിലും, വെയിൽസിലും നൂറുകണക്കിന് സ്‌കൂളുകൾ മോശം കാലാവസ്ഥയെ തുടർന്ന് അടച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ വാഹനയാത്ര ദുരിതപൂർണ്ണമാകുമെന്നാണ് മുന്നറിയിപ്പ്. ഫ്‌ളിന്റ്ഷയറിൽ 88 സ്‌കൂളുകളാണ് അടച്ചിട്ടത്. എന്നാൽ ഇവിടെ മഞ്ഞ് വീഴാതെ വന്നതോടെ അധികൃതരുടെ നടപടിയിൽ മാതാപിതാക്കൾ രോഷത്തിലായി.
© Copyright 2024. All Rights Reserved