ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് അതിർത്തിയിൽ നികുതി പിരിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്.
വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിൽ നൽകുന്ന പെർമിറ്റ് ഫീസിൽ മറ്റു സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി ഉൾപ്പെടുന്നില്ലെന്ന് കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. റോബിൻ ബസുടമ കെ കിഷോർ ഉൾപ്പടെയുള്ള ബസുടമകളാണ് പ്രവേശന നികുതി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം, തിർത്തി നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രവേശന നികുതി ഈടാക്കുന്നതിന് നിലവിൽ സുപ്രീംകോടതിയുടെ വിലക്കുണ്ട്. എന്നാൽ ഈ വിലക്ക് നീക്കണമെന്നും അതിർത്തി നികുതി പിരിക്കാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആവശ്യം. അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന്റെ പശ്ചാത്തലത്തിൽ സ്റ്റേജ് കാരേജ് വാഹനങ്ങളുടെ വ്യവസ്ഥയിൽ ഉപയോഗിക്കുന്നതിനെതിരെ കേരളവും തമിഴ്‌നാടും റോബിൻ ഉൾപ്പടെയുള്ള ബസുകൾക്കെതിരെ നിരന്തരം നടപടി സ്വീകരിക്കുന്നുണ്ട്. റോബിൻ ബസുടമ കെ കിഷോർ ഉൾപ്പടെയുള്ള ബസുടമകളാണ് അതിർത്തി നികുതി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
© Copyright 2024. All Rights Reserved