മലയാളി താരം സഞ്ജു സാംസണിനെ അഫ്ഗാനെതിരെയുള്ള ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാനിറക്കാതിരുന്നത് വൻ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടി എന്നോണം അഫ്ഗാനെതിരെയുള്ള അവസാന ടി-20യിൽ താരത്തെ കളിക്കാനിറക്കി. എന്നാൽ ആവേശത്തോടെ കാത്തിരുന്ന താരത്ത നിരാശപ്പടുത്തി ഒരു റൺസും എടുക്കാൻ കഴിയാതെ താരം മടങ്ങുകയും ചെയ്തു.
പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു. അതും നാല് ഓവറിൽ മൂന്നിന് 21 എന്ന നിലയിൽ നിൽക്കുമ്പോവാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത്. പിന്നീട് സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല. വിക്കറ്റിനു മുന്നിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിനു പിന്നിൽ സൂപ്പർ പ്രകടനനമാണ് സഞ്ജു കാഴ്ചവെച്ചത്. അഫ്ഗാന്റെ മൂന്നു വിക്കറ്റുകളാണ് സ്റ്റംപിങിലൂടെ സഞ്ജു ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
വാഷിങ്ടൺ സുന്ദർ എറിഞ്ഞ 13ാമത്തെ ഓവറിലായിരുന്നു സഞ്ജുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്റ്റംപിങ് കണ്ടത്. ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റംപ് ചെയ്യുന്നത്. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്ത് സഞ്ജു കയ്യിലൊതുക്കയും ഡൈവിംഗിലൂടെ സ്റ്റംപ് ചെയ്യുകയുമായിരുന്നു. അതിനു ശേഷം 18ാം ഓവറിലാണ് സഞ്ജു ഇന്ത്യക്കു രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചത്. മുകേഷ് കുമാർ എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളിലാണ് വമ്പനടികൾക്കു കെൽപ്പുള്ള കരീം ജന്നത്തിനെ സഞ്ജു റണ്ണൗട്ടാക്കിയത്. അതിനു ശേഷം ആദ്യത്തെ സൂപ്പർ ഓവറിൽ സഞ്ജു മറ്റൊരു കിടിലൻ റണ്ണൗട്ട് കൂടി നടത്തി. അപകടകാരിയായ ഗിൽബദിൻ നയ്ബിനെയായിരുന്നു ഇത്. വിരാട് കോലിയുടെ കലക്കൻ ത്രോയിൽ സഞ്ജു വിക്കറ്റ് തെറിപ്പിക്കുമ്പോൾ നയ്ബ് ക്രീസിനു പുറത്തായിരുന്നു. നിശ്ചിത ഓവറിൽ ഇരു ടീമുകളും 212 റൺസ് നേടി. പിന്നീട് സൂപ്പർ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റൺസ് പിന്തുടർന്നാണ് അഫ്ഗാൻ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പർ ഓവറുകൾ നടന്നു. ഒടുവിൽ ജയം സ്വന്തമാക്കി ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് തൂത്തുവാരി.
© Copyright 2024. All Rights Reserved