ലക്ഷദ്വീപിൽ രണ്ട് നാവികസേനാ താവളങ്ങൾ നിർമ്മിക്കാൻ കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങൾക്കൊപ്പം നാവിക താവളങ്ങളും നിർമ്മിച്ച് സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.തെക്കുകിഴക്കൻ ഏഷ്യയിലേക്കും വടക്കൻ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകൾ കടന്നുപോകുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. മാലദ്വീപിൽ നിന്ന് 524 കിലോമീറ്റർ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്.മാർച്ച് നാലിനോ അഞ്ചിനോ ആകും മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ ഉദ്ഘാടനം. ഐഎൻഎസ് ജടായു എന്ന് പേരുള്ള താവളം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ഉദ്ഘാടനം ചെയ്യുക. ഐഎൻഎസ് വിക്രമാദിത്യയും ഐഎൻഎസ്. വിക്രാന്തും ഉൾപ്പെടെ 15 യുദ്ധക്കപ്പലുകൾ അടങ്ങുന്ന കപ്പൽ വ്യൂഹത്തിലാണ് രാജ്നാഥ് സിങ് മിനിക്കോയ് ദ്വീപിലേക്ക് പോകുക.യുദ്ധക്കപ്പലുകളിൽ വെച്ച് സേനാ കമാൻഡർമാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരാനും നാവികസേന പദ്ധതിയിടുന്നുണ്ട്. രണ്ടാം ഘട്ടയോഗം മാർച്ച് ആറിനും ഏഴിനുമായി നടക്കും. പുതിയ സേനാതാവളങ്ങൾ നിർമിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ ശക്തി വർധിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
© Copyright 2024. All Rights Reserved