മധ്യ ഇസ്രാ യേലിനുനേരെയുള്ള മിസൈലാക്രമണത്തിൽ ആദ്യമായി ലക്ഷ്യം കണ്ട് യമനിലെ ഹൂതികൾ. ആക്രമണത്തിൽ മോദിഇൻ റെയിൽവേ സ്റ്റേഷൻന്റെ ഏതാനും ഭാഗങ്ങൾക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
-------------------aud-------------------------------
പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തടസ്സങ്ങൾ മറികടന്ന് വെറും പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ സഞ്ചരിച്ച് മധ്യ ഇസ്രായേലിൽ പതിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞു. മിസൈൽ ചീളുകൾ കൃഷിയിടങ്ങളിലും റെയിൽവേ സ്റ്റേഷനു സമീപവും പതിച്ച് തീപിടിച്ചു. തുറസ്സായ സ്ഥലത്ത് പുക ഉയരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മിസൈലുകൾ പതിച്ചത് ആൾതാമസമില്ലാത്ത പ്രദേശങ്ങളിൽ ആയതിനാൽ ആളപായമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജിൻസ് വിവരം ലഭിച്ചതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് അധികൃതർ മാറ്റിപാർപ്പിച്ചിരുന്നു. ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതനുസരിച്ച് 23,65,000 ആളുകളെയാണ് സർക്കാർ ഇത്തരത്തിൽ മാറിപ്പാർപ്പിച്ചത്. മിസൈൽ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെൽ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകൾ മുഴങ്ങി. സൈറണു പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒമ്പതു പേർക്ക് നിസാരമായ പരിക്കുകളേറ്റതായും റിപ്പോർട്ടുണ്ട്.
20 ഇന്റർസെപ്റ്ററുകൾ മറികടന്ന് തങ്ങളുടെ മിസൈൽ ഇസ്രായേലിൽ എത്തിയതായി ഹൂതിയുടെ മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസറുദ്ദീൻ അമേർ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ ആക്രമണം ഒരു 'തുടക്കം' മാത്രമാണെന്നും ഹൂതി വക്താവ് പ്രതികരിച്ചു. ജൂലൈയിലും ടെൽ അവീവിനെ ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോണാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. നിലവിൽ ഇസ്രായേലിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിനായി ഹൂതികൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒക്ടോബറിൽ ഗസ്സ യുദ്ധം ആരംഭിച്ചതുമുതൽ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യമെന്ന് പ്രഖ്യാപിച്ച് ഹൂതികൾ ഇസ്രായേലിന് നേരെ ആവർത്തിച്ച് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചുവരികയാണ്. ഇസ്രായേലുമായി ബന്ധമുള്ള മുപ്പതിലധികം കപ്പലുകളെയാണ് ചെങ്കടലിൽവെച്ച് ഹൂതികൾ ആക്രമിച്ചത്. ജൂലൈയിൽ ടെൽ അവീവിൽ പതിച്ച ഡ്രോൺമൂലം ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൊദൈദ തുറമുഖത്തിന് സമീപം ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'ഒക്ടോബർ 7ന് ഓപറേഷൻ്റെ ഒന്നാംവാർഷികത്തോട് അടുക്കുമ്പോൾ, ഹൊദൈദ നഗരത്തിന് നേരെയുള്ള ആക്രമണത്തോടുള്ള പ്രതികാരം ഉൾപ്പടെ ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാൻ എന്ന് ഹൂതി വക്താവ് സരിയ മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് യമൻ 'കനത്ത വില' നൽകേണ്ടിവരുമെന്ന് പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. അതെക്കുറിച്ച് ഓർമപ്പെടുത്തൽ ആവശ്യമുള്ളവരെ ഹൊദൈദ തുറമുഖം സന്ദർശിക്കാൻ ക്ഷണിക്കുന്നുവെന്നും പ്രതികാര വ്യോമാക്രമണത്തെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു. ഹൂതികളെ പ്രതിരോധിക്കാൻ അമേരിക്കയും ബ്രിട്ടനും ചേർന്ന് സംയുക്ത സേന രൂപീകരിച്ചിരുന്നുവെങ്കിലും സേന പരാജയപ്പെടുകയായിരുന്നു. അതേസമയം, നിലവിലെ കണക്കുകൾ പ്രകാരം ഇസ്രയേൽ ആക്രമണത്തിൽ 41,206 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 95,337 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.
© Copyright 2024. All Rights Reserved