വീടുകളുടെ വില കുത്തനെ വർദ്ധിച്ചതിനെ തുടർന്ന് ആളുകൾ ലണ്ടൻ നഗരം ഒഴിവാക്കി മറ്റ് ചെറുനഗരങ്ങളിലേക്ക് ചേക്കേറുന്നു. ലണ്ടൻ ഉപേക്ഷിച്ച് ആയിരങ്ങളാണ് ലെസ്റ്റർ, ഗ്ലാസ്ഗോ, ഷെഫീൽഡ്, ബ്രാഡ്ഫോർഡ് തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടയിൽ ഗ്ലാസ്ഗോയിൽ വീട് വിൽക്കാൻ ഉണ്ടോ എന്നറിയാനായി 75,000 സേർച്ചുകളാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ലണ്ടനിൽ വീട് അന്വേഷിച്ചവരുടെ ഇരട്ടിയോളം വരും ഇത്.
ഈ പട്ടികയിൽ, രണ്ടാം സ്ഥാനം ഷെഫീൽഡിനാണ്. 61,000 പേരാണ് ഇവിടെ ഒരു വീടിനായി സേർച്ചിംഗ് നടത്തിയത്. 58,000 പേർ വീടന്വേഷിച്ച ബ്രാഡ്ഫോർഡ് മൂന്നാം സ്ഥാനത്തുണ്ട്. വ്യാവസായിക നഗരമായ ലെസ്റ്ററിൽ 52,000 പേരായിരുന്നു ഇക്കാലയളവിൽ വീട് അന്വേഷിച്ചത്. വെയ്ൽസിലെ തുറമുഖ നഗരമായ സ്വാൻസീയിൽ 43,000 ഓളം പേർ വീടന്വേഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പർപ്പിൾബ്രിക്ക്സിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്.
ഡിസംബർ പകുതിക്ക് ശേഷം, കൂടുതൽ ആളുകൾ വീട് വാങ്ങാൻ ഉദ്ദേശിച്ച നഗരങ്ങളുടെ ലിസ്റ്റിൽ മാഞ്ചസ്റ്റർ, ലിവർപൂൾ, ലണ്ടൻ എന്നീ നഗരങ്ങളും ഉണ്ട്. 30,000 ൽ ഏറെ പേരാണ് ഈ നഗരങ്ങളിൽ ഓരോന്നിലും വീടുവാങ്ങാൻ ശ്രമിച്ചത്. ലണ്ടനിൽ വീടുകളുടെ വില അമിതമായി ഉയർന്നത് തന്നെയാണ് ഇക്കാര്യത്തിൽ ലണ്ടന് ജനപ്രീതി നഷ്ടപ്പെടാൻ കാരണമായത്. മാത്രമല്ല, അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ, വിലകുറഞ്ഞ വീടുകൾ, അൽപം ദൂരെയാണെങ്കിലും, അന്വേഷിക്കാൻ ജനങ്ങൾ തയ്യാറായി എന്ന് ഹൗസിംഗ് എക്സ്പർട്ട് ഡേവിഡ് ഹാൾ ചൂണ്ടിക്കാട്ടുന്നു.
സമീപഭാവിയിൽ ഇതിലും ഏറെപ്പേർ ലണ്ടൻ നഗരം വിട്ട് ചെറു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറുമെന്നും ഡേവിഡ് ഹാൾ പറയുന്നു. ഉയർന്ന മോർട്ട്ഗേജ് നിരക്ക്, ലണ്ടനിൽ ഒരു വീട് സ്വന്തമാക്കുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുകയാണ്.
© Copyright 2024. All Rights Reserved