ലണ്ടനിൽ ബസ് ഡ്രൈവറെയും, യാത്രക്കാരെയും കൈയിൽ ആസിഡുമായി എത്തി ബന്ദികളാക്കിയ അക്രമിയെ പോലീസ് കീഴടക്കി. വാഹനത്തിൽ ഇരച്ചുകയറിയ പോലീസ് ഇയാളെ കീഴടക്കി, തെരുവിലിറക്കി നഗ്നനായി പരിശോധിച്ചു.
നീല കെമിക്കൽ സ്യൂട്ടുകൾ അണിഞ്ഞ മെട്രോപൊളിറ്റൻ പോലീസിന്റെ ടെറിട്ടോറിയൽ സപ്പോർട്ട് ഗ്രൂപ്പ് ഉൾപ്പെടെ എമർജൻസി സർവ്വീസുകൾ സ്ഥലത്തെത്തിയാണ് ഇന്നലെ രാത്രി 8.30-ഓടെ ക്രോയ്‌ഡോണിൽ നാടകീയ സംഭവവികാസങ്ങൾക്ക് അവസാനം കുറിച്ചത്.
ബ്രിക്സ്റ്റണിൽ നിന്നും 109 ബസിൽ കയറിയ 30-കളിൽ പ്രായമുള്ള വ്യക്തി പുകവലിക്കാൻ തുടങ്ങുകയും, മറ്റ് യാത്രക്കാർ ഇത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ഇതോടെ സ്ഥിതി പെട്ടെന്ന് മാറിമറിഞ്ഞു. കൈയിലുള്ള ഒരു ബോട്ടിൽ പുറത്തെടുത്ത് ഇത് ആസിഡാണെന്ന് പറഞ്ഞ് ഇയാൾ ഭീഷണി ആരംഭിച്ചു.
മൂന്ന് മണിക്കൂറോളമാണ് പോലീസും, ആസിഡ് അക്രമിയും തമ്മിലുള്ള ബലാബലം നീണ്ടത്. എന്നാൽ പദാർത്ഥം യാത്രക്കാർക്ക് നേരെ എറിയുകയോ, ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഓറഞ്ച് ജംബ്‌സ്യൂട്ടിൽ എത്തിയ പ്രതിയെ സ്ട്രാപ്പ് ചെയ്താണ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയത്. അറസ്റ്റിന് പിന്നാലെ പദാർത്ഥം പരിശോധിക്കാൻ കെമിക്കൽ വിദഗ്ധരും സ്ഥലത്തെത്തി. ബ്രിഗ്‌സ്‌റ്റോക്ക് റോഡ് മുതൽ തോൺടൺ ഹീത്ത് ഗാരേജ് വരെയുള്ള മേഖലയിൽ പോലീസ് ബന്ദവസ്സ് പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതിയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എല്ലാ യാത്രക്കാരും, ഡ്രൈവറും സുരക്ഷിതരായി ബസിൽ നിന്നും പുറത്തുപോയെന്ന് പോലീസ് സ്ഥിരീകരിച്ചു.
കാപ്ഹാമിൽ അഫ്ഗാൻ അഭയാർത്ഥി മൂന്ന് പേർക്ക് പേരെ ആസിഡ് എറിഞ്ഞ സംഭവത്തിന് പിന്നാലെ ആസിഡുമായി ബസ് റാഞ്ചിയ സംഭവം ബ്രിട്ടനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
© Copyright 2024. All Rights Reserved