ലിവ് ഇൻ ബന്ധങ്ങൾ സ്ഥിരതയോ ആത്മാർഥതയോ ഇല്ലാത്ത വെറും ഭ്രമം മാത്രമെന്ന് അലഹാബാദ് ഹൈക്കോടതി. അതിനെ നേരംപോക്കായിമാത്രമേ കാണാനാവൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യത്യസ്ത മതസ്ഥരായ ലിവ് ഇൻ ദമ്പതികൾ പൊലീസ് സംരക്ഷണം തേടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ അഭിപ്രായ പ്രകടനം.ലിവ് ഇൻ ബന്ധങ്ങളെ സുപ്രീം കോടതി പലവട്ടം സാധുവായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും ഹർജിക്കാരുടെ പ്രായം കണക്കിലെടുത്ത് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഇവർ ഒരുമിച്ചു കഴിഞ്ഞ കാലം കൂടി പരിഗണിച്ച കോടതി ഇത് ആലോചിച്ചെടുത്ത തീരുമാനമാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ഹർജിക്കാർക്ക് ഇരുപതും ഇരുപത്തി രണ്ടും വയസ് പ്രായമേയുള്ളൂ. രണ്ടു മാസമാണ് ഇവർ ഒരുമിച്ചു കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഇവരുടെ തീരുമാനം ആലോചിച്ചുറപ്പിച്ച് എടുത്തതാണെന്നു കരുതാനാവില്ല. അത് എതിർലിംഗത്തിൽപ്പെട്ടവരോടു തോന്നുന്ന വെറും ഭ്രമം മാത്രമാവാം- ജസ്റ്റിസുമാരായ രാഹുൽ ചതുർവേദിയും മുഹമ്മദ് അസർ ഹുസൈൻ ഇദ്രിസിയും പറഞ്ഞു.ജീവിതം റോസാപ്പൂക്കൾ വിതറിയ മെത്തയല്ല. അത് ഓരോ ദമ്പതികളെയും കടുത്ത യാഥാർഥ്യങ്ങളിലൂടെ കൊണ്ടുപോവുന്നുണ്ട്. ഇത്തരം ബന്ധങ്ങൾ പലപ്പോഴും നേരംപോക്കു മാത്രമായി മാറുമെന്നതാണ് അനുഭവം. അതുകൊണ്ടുതന്നെ പൊലീസ് സുരക്ഷയ്ക്കുള്ള അപേക്ഷ തള്ളുകയാണെന്ന് കോടതി പറഞ്ഞു.
© Copyright 2024. All Rights Reserved