ലെണ്ടനിലെ കെമിക്കൽ അക്രമണ കേസിലെ പ്രതി അബ്ദുൾ ഷുക്കൂർ എസേദി ആത്മഹത്യ ചെയ്തതായി പോലീസ്. തെയിംസ് നദിയ്ക്ക് സമീപത്തേക്ക് പോയ പ്രതി നദിയിൽ ജീവനൊടുക്കിയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
ജനുവരി 31ന് രാത്രിയിൽ നടന്ന അക്രമത്തിന് ശേഷം 35-കാരനായ എസേദിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഒരു അമ്മയ്ക്കും, രണ്ട് മക്കൾക്കും നേരെയാണ് അൽക്കലൈൻ പദാർത്ഥം എറിഞ്ഞത്. ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിന് ശേഷം ഇയാൾ വെള്ളത്തിൽ ചാടിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല, ഇതിനുള്ള സാധ്യതയും കുറവാണെന്ന് ഓഫീസർമാർ പറയുന്നു. മെട്രോപൊളിറ്റൻ പോലീസ് ഓഫീസർമാർ നൽകിയ ബ്രീഫിംഗിൽ തെയിംസിലേക്ക് നാല് മൈൽ ദൂരം ഇയാൾ നടന്നത് മനസ്സിൽ ചില കാര്യങ്ങൾ ഉദ്ദേശിച്ചാണെന്നാണ് വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലും ഇവിടേക്ക് പോകുന്നതായി കണ്ടിരുന്നു. ചെൽസി പാലത്തിൽ വെച്ച് ഇയാളുടെ പെരുമാറ്റം മാറാൻ തുടങ്ങി. കൈവരികളിൽ ചാരി നിന്ന ശേഷം സിസിടിവിയിൽ എസേദിയെ കാണാതാകുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറോളം ഓഫീസർമാർ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് എസേദി വെള്ളത്തിൽ ചാടിയിരിക്കാമെന്ന് നിഗമനത്തിൽ എത്തിച്ചേർന്നത്. വിവിധ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രകാരം പാലത്തിൽ നിന്നും പ്രതി തിരിച്ചെത്തിയില്ലെന്ന് വ്യക്തമായതായി സ്‌കോട്ട്‌ലണ്ട് യാർഡ് കമ്മാൻഡർ ജോൺ സാവെൽ പറഞ്ഞു.
© Copyright 2024. All Rights Reserved