ലേബർ ഗവൺമെന്റ് അധികാരത്തിലെത്തുന്നതിന് മുൻപും, അതിന് ശേഷവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രചരണങ്ങളുടെ പ്രത്യാഘാതം തൊഴിൽ വിപണിയെ ബാധിക്കുന്നു. ബജറ്റിന് മുന്നോടിയായി ധനകാര്യ മേഖല നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് മാത്രമാണ് ഗവൺമെന്റ് സംസാരിക്കുന്നത്. ഈ ഘട്ടത്തിലാണ് ബിസിനസ്സുകൾ ജോലിക്കാരെ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് സ്ഥാപനങ്ങൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
-------------------aud--------------------------------
ലേബർ ഗവൺമെന്റ് തൊഴിലാളികളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിലും സ്ഥാപനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്ത മാസം ബജറ്റിൽ പല കടുത്ത നികുതി വർദ്ധനവുകളും ഉണ്ടാകുമെന്ന ആശങ്കയാണ് ബിസിനസ്സ് നേതാക്കൾ പങ്കുവെയ്ക്കുന്നത്. ഇതിനിടയിലാണ് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോൺഫെഡറേഷന്റെയും, കെപിഎംജിയുടെയും റിപ്പോർട്ട് പുറത്തുവരുന്നത്.
ലേബറിന്റെ നികുതിവേട്ട ഭയന്ന് പല കോടീശ്വരൻമാരും നാടുകടക്കുന്നതായാണ് കണക്ക്. ജീവനക്കാരുടെ നാഷണൽ ഇൻഷുറൻസ് സംഭാവന വർദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം നിലനിൽക്കുന്നതിനാൽ എംപ്ലോയർ കോൺട്രിബ്യൂഷൻ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ ക്യാപ്പിറ്റൽ ഗെയിൻസ് ടാക്‌സ്, ഇൻഹെറിറ്റൻസ് ടാക്‌സ് എന്നിവയും ഉയർന്നേക്കാം. ഇതെല്ലാം ബിസിനസ്സുകൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കൂടാതെ തൊഴിലാളികൾക്ക് അനുകൂലമായ കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കാൻ ലേബർ ഗവൺമെന്റ് പുതിയ നിയമത്തിന് ഒരുങ്ങുന്നതും സ്ഥാപനങ്ങളെ പിന്നോട്ട് വലിയ്ക്കുന്നു. ഓട്ടം സീസണിൽ നടപ്പാക്കുന്ന പുതിയ നിയമം പാസായാൽ തങ്ങളെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാൽ ജോലിക്കാർക്ക് മേധാവികൾക്കെതിരെ നിയമനടപടി കൈക്കൊള്ളാൻ അധികാരം ലഭിക്കും.
ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാൽ ജോലിക്കാർക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രിമാർ സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ വർക്കിംഗ് ടൈം നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് യുകെയിൽ ഇത് നിയമമാക്കി മാറ്റാൻ മുൻ ലേബർ ഗവൺമെന്റ് ആലോചിച്ചിരുന്നു.
നിലവിൽ കൗൺസിലുകൾക്കും, ഹെൽത്ത് & സേഫ്റ്റി എക്‌സിക്യൂട്ടീവിനും ഈ നയങ്ങൾ നടപ്പാക്കാം, എന്നാൽ ട്രിബ്യൂണലുകളിൽ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല. ഒക്ടോബറിൽ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലേബർ പാക്കേജ് പ്രഖ്യാപിക്കുമ്പോൾ ഇതിലും മാറ്റം വരുത്താനാണ് നീക്കം. ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യാൻ അനുമതി ചോദിക്കുന്നത് ഉൾപ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്.
© Copyright 2024. All Rights Reserved