അടുത്ത പൊതുതെരഞ്ഞെടുപ്പ് വിജയിക്കാൻ കൺസർവേറ്റീവുകൾക്ക് സാധിക്കുമോ? സകലമാന സർവ്വെകളും ടോറികൾക്ക് എതിരാണ്. എന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നാണ് മുൻ ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ഓരോ ടോറി എംപിക്കും അയച്ച ന്യൂഇയർ സന്ദേശത്തിൽ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് എങ്ങനെ വിജയിക്കാൻ കഴിയുമെന്ന് ഡേവിഡ് ഡേവിസ് അക്കമിട്ട് നിരത്തുന്നുണ്ട്. പ്രതീക്ഷ കൈവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ലേബർ ഇപ്പോഴും 20 ശതമാനം പോൾ ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും മാർഗററ്റ് താച്ചറുടെ പാത പിന്തുടർന്നാൽ വിജയം സുനിശ്ചിതമാണെന്ന് ഡേവിസ് ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മാസം റുവാൻഡ മൈഗ്രന്റ് സ്‌കീമിന്റെ പേരിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന 38 എംപിമാരെയാണ് മുൻ ബ്രക്‌സിറ്റ് സെക്രട്ടറി ലക്ഷ്യമിട്ടത്. അടുത്ത തെരഞ്ഞെടുപ്പ് തോൽക്കുമെന്ന് ഉറപ്പിച്ചാണ് എംപിമാരിൽ പലരും നീങ്ങുന്നത്. ഇത് കല്ലിൽ കൊത്തിവെച്ച പോലെയാണ്. എന്നാൽ എന്റെ 36 വർഷത്തെ അനുഭവത്തിൽ ഇത് തെറ്റാണെന്ന് പറയാൻ കഴിയും, ഡേവിഡ് ഡേവിസ് പറയുന്നു.
ഋഷി സുനാകിന്റെ നേതൃത്വത്തിന്റെ വലിയ ആരാധകൻ അല്ലാത്ത, നിഷ്പക്ഷവാദിയായ മുൻ മന്ത്രി ഇത്തരമൊരു നീക്കം നടത്തിയത് ഡൗണിംഗ് സ്ട്രീറ്റിനും ആശ്വാസമാകും. മാർഗററ്റ് താച്ചർ 1986-ൽ സ്വന്തം മന്ത്രിമാരിൽ നിന്നും പ്രതിസന്ധി നേരിട്ടു, ഡിഫൻസ് സെക്രട്ടറി ഉൾപ്പെടെ രാജിവെച്ചു. പക്ഷെ തൊട്ടടുത്ത വർഷം 100-ലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ താച്ചർ വിജയിച്ചുകയറി, ഡേവിഡ് ഓർമ്മിപ്പിച്ചു.
റുവാൻഡ പ്ലാൻ നിയമമായി, നൂറുകണക്കിന് കുടിയേറ്റക്കാരെ ആഫ്രിക്കയിലേക്ക് അയച്ചാൽ ഇത് കളിമാറ്റുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. കൂടാതെ മാർച്ചിലെ ബജറ്റ് നികുതികൾ കുറയ്ക്കുന്നതായി മാറുകയും ചെയ്താൽ ഇത് ടോറികളെ വിജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായി മാറുമെന്നും ഡേവിഡ് ഡേവിസ് ചൂണ്ടിക്കാണിച്ചു.
© Copyright 2023. All Rights Reserved