ലിവർപൂളിൽ തയ്യാറാക്കാൻ ഇരുന്ന 450 മില്ല്യൺ പൗണ്ടിന്റെ വാക്‌സിൻ നിർമ്മാണ പ്ലാന്റ് റദ്ദാക്കി ആസ്ട്രാസെനെക. പുതിയ ലേബർ ഗവൺമെന്റ് മുന്നോട്ട് വെച്ച ഫണ്ടിംഗ് തീരെ കുറവാണെന്നതാണ് കാരണമായി വ്യക്തമാക്കുന്നത്. ടോറികളുടെ സ്പ്രിംഗ് ബജറ്റിൽ പ്രഖ്യാപിച്ച നിക്ഷേപം ട്രഷറിയും, മറ്റ് കക്ഷികളുമായുള്ള പരസ്പര ധാരണയിലായിരുന്നു.
-------------------aud--------------------------------
എന്നാൽ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത രീതിയിലുള്ള നിക്ഷേപമാണ് ഇപ്പോഴത്തെ ലേബർ ഗവൺമെന്റ് ഓഫർ ചെയ്യുന്നതെന്ന് ഫാർമസ്യൂട്ടിക്കൽ വമ്പൻ വ്യക്തമാക്കി. 'നിലവിലെ ഗവൺമെന്റുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഞങ്ങൾ ഉദ്ദേശിച്ച നിക്ഷേപവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങൾ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗവൺമെന്റിന്റെ അന്തിമ ഓഫർ ചുരുങ്ങിയത് ഒരു കാരണമാണ്', ആസ്ട്രാസെനെക വക്താവ് അറിയിച്ചു.
സ്‌പെകെയിലെ ഒരു സൈറ്റ് വികസിപ്പിച്ചാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇത് ലിവർപൂളിൽ പുതിയ ആത്മവിശ്വാസത്തിനും, യുകെയുടെ ലൈഫ് സയൻസ് മേഖലയിൽ ഉണർവിനും ഇടയാക്കിയിരുന്നു. എന്നാൽ സ്‌പെകെയിലെ നിലവിലെ സംവിധാനത്തിൽ നിന്ന് കൊണ്ടുള്ള വാക്‌സിൻ ഉത്പാദനം മാത്രമാണ് തുടരുകയെന്ന് ആസ്ട്രാസെനെക ഇപ്പോൾ അറിയിക്കുന്നു.
അതേസമയം ആസ്ട്രാസെനെകയുടെ നിക്ഷേപ രീതിയിൽ ഉണ്ടായ മാറ്റമാണ് ഗവൺമെന്റ് ഓഫർ കുറയാൻ ഇടയാക്കിയതെന്നാണ് ഗവൺമെന്റ് വക്താവിന്റെ വിശദീകരണം. നികുതിദായകന്റെ പണം നൽകുമ്പോൾ അതിന് അനുസരിച്ചുള്ള മൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാകണം. എന്നാൽ ദൗർഭാഗ്യവശാൽ ഈ പദ്ധതിയിൽ അത്തരമൊരു പരിഹാരം ഉടലെടുത്തില്ല, വക്താവ് കൂട്ടിച്ചേർത്തു. സാമ്പത്തിക മേഖലയിൽ വളർച്ച തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ച ചാൻസലർ റേച്ചൽ റീവ്‌സിന് ഈ വാർത്ത പുതിയ തിരിച്ചടിയാണ്.
© Copyright 2024. All Rights Reserved